മലപ്പുറം: മലപ്പുറം ഈസ്റ്റ് കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക പറഞ്ഞു. പഞ്ചായത്ത് മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ആരോഗ്യ വകുപ്പിന് കൈമാറും. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കൂടുതൽ കാര്യങ്ങളിൽ വേണമെങ്കിൽ നടപടി സ്വീകരിക്കുമെന്നും വീട്ടിലെ പ്രസവങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും ഡി.എം.ഒ വ്യക്തമാക്കി. അഞ്ചാമത്തെ പ്രസവത്തിനിടെ പെരുമ്പാവൂർ അറക്കപ്പടി കൊപ്പറമ്പിൽ പരേതനായ ഇബ്രാഹിം മുസ്‍ലിയാരുടെ മകൾ അസ്മയാണ് (35) മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ വീട്ടിൽ ആൺകുട്ടിയെ പ്രസവിച്ചതിനു പിന്നാലെ യുവതി മരിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കളുടെ നിർദേശപ്രകാരം മൃതദേഹം രാത്രിയിൽ തന്നെ ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഏഴോടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ചു. ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ ഈസ്റ്റ് കോഡൂരിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10ഓടെ ഇവർ താമസിക്കുന്ന വാടക വീട്ടിൽ പോലീസ് എത്തിയപ്പോഴാണ് വീട്ടിൽ പ്രസവം നടന്ന വിവരം വീട്ടുടമയും പ്രദേശവാസികളും അറിയുന്നത്. സിറാജുദ്ദീൻ കാസർകോട് പള്ളിയിൽ ജോലിചെയ്യുകയാണെന്നും യൂട്യൂബ് ചാനൽ വഴിയും അല്ലാതെയും ആത്മീയ ക്ലാസുകൾ നൽകാറുണ്ടെന്നുമാണ് പറഞ്ഞിരുന്നതെന്ന് വീട്ടുടമ വ്യക്തമാക്കി.