കൊട്ടിയൂര്‍ (കണ്ണൂര്‍) : പാല്‍ചുരത്ത് നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ടവര്‍ സാമഗ്രികളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചയാളുടെയും പരിക്കേറ്റയാളുടെയും വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പേരാവൂര്‍, ഇരിട്ടി, മാനന്തവാടി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തത്. തലക്ക് സാരമായി പരിക്കേറ്റ ക്ലീനറെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് തന്നെ മരിച്ച ഡ്രൈവറുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗണ്‍ ചുരം പാതയിലാണ് അപകടം. ഇതുവഴി വയനാടിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.