ദുബായ് : ജലഗതാഗത മേഖലയിലെ ആഡംബരത്തിന്റെയും പുത്തൻ ആശയങ്ങളുടെയും പ്രദർശനമായ ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോയുടെ 30-ാം പതിപ്പ് ഞായറാഴ്ച സമാപിക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ വെള്ളിയാഴ്ച പ്രദർശനം സന്ദർശിച്ചു.
എമിറേറ്റിന്റെ സമുദ്ര പൈതൃകവും ജലഗതാഗത മേഖലയിലെ ആഗോള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രദർശനത്തിന് വലിയ പങ്കുണ്ടെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ജലഗതാഗത വ്യവസായത്തിൽ സുസ്ഥിരത ഉറപ്പാക്കാനാണ് പ്രദർശനം ലക്ഷ്യമിടുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിൽ 55 രാജ്യങ്ങളിൽനിന്നായി 1000 -ലേറെ ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. ബോട്ടുകളുടെ രൂപകല്പനയിലും സാങ്കേതിക മികവിലും പുത്തൻ പരീക്ഷണങ്ങളുമായാണ് പ്രദർശകരെത്തിയത്.