കൊച്ചി : കേരളം സാക്ഷരതയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു എന്നത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകാപരമാണ്. എന്നാൽ എത്രതന്നെ മാറ്റങ്ങൾ ഉണ്ടായാലും പത്താം ക്ലാസ് കടന്ന ഒരു കുട്ടിക്ക് സീറ്റ് ഉറപ്പാക്കാൻ സാധിക്കുന്നില്ല എന്നത് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ പരാജയമായി മാത്രമേ കണക്കാക്കാൻ കഴിയു. ഹയർസെക്കൻഡറി വിഭാഗത്തിന്റെ രണ്ടാം അലോട്ട്മെന്റ് വന്നിട്ടും മലബാർ മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് സീറ്റ് ഉറപ്പാക്കാൻ സാധിക്കുന്നില്ല എന്നതാണ് വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുപോലും സീറ്റ് ഉറപ്പാക്കാൻ കഴിയുന്നില്ല എങ്കിൽ കേരളത്തിലെ വിദ്യാഭ്യാസരംഗം തികഞ്ഞ പരാജയമാണ്.
മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിന്റെ മേൽനോട്ടത്തിൽ വളരെയധികം പരിഷ്കാരങ്ങൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയിരുന്നു. എന്നാല്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണപക്ഷം നിരവധി വിമർശനങ്ങളുമായാണ് ഇതിനെ നേരിട്ടത്. പാഠപുസ്തകം വൈകുന്നു, ഓണം കഴിഞ്ഞ് ഓണപരീക്ഷ നടത്തുന്നു, എ പ്ലസുകൾ വെറുതെ കൊടുക്കുന്നു, എന്നു തുടങ്ങി നിരവധി ആരോപണങ്ങളും തടസ്സവാദങ്ങളും ഉയര്‍ത്തി. എന്നാല്‍ ഇതേ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങളാണ്. പാഠപുസ്തകം വേഗത്തിൽ എത്തിക്കും, കൃത്യസമയത്ത് പരീക്ഷ നടത്തും, തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും കാര്യമായ ഒരുമാറ്റവും വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞില്ല. ഇത്തവണത്തെ റിസൾട്ടുകൾ തന്നെ ഇതിന് വലിയ ഉദാഹരണമാണ്. സിബിഎസ്ഇ റിസൾട്ട് വരുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സ്റ്റേറ്റ് സിലബസിന്റെ റിസൾട്ട് പ്രഖ്യാപിക്കുന്നത്. പാഠപുസ്തകത്തിന്റെ കാര്യത്തിലും മാറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
പത്താം ക്ലാസ്സ് കഴിഞ്ഞ് എല്ലാ വിദ്യാർത്ഥികളും തുടർന്നുള്ള പഠനത്തിനായി പ്ലസ് വൺ തന്നെ തിരഞ്ഞെടുക്കണമെന്നില്ല. ഐടിഐ, പോളിടെക്നിക് തുടങ്ങിയ കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളും ഈ നാട്ടിലുണ്ട്. അത്തരത്തിൽ പല മേഖലയിലേക്ക് വിദ്യാർഥികൾ തിരിയുന്നത് സർക്കാർ മുന്നിൽ കാണണം. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടിയത് മലബാർ മേഖലയിലെ വിദ്യാർത്ഥികളാണ്. 6814 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസ്സായതെങ്കിൽ 2400 സീറ്റുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അതായത് സീറ്റിനുവേണ്ടി അലയുന്നത് 4414 വിദ്യാര്‍ത്ഥികളാണ്. മലബാർ മേഖലയിൽ സീറ്റ് പ്രതിസന്ധി ഇങ്ങനെയാണെങ്കിൽ തെക്കൻ മേഖലയിൽ മറ്റൊരു തരത്തിലാണ് പ്രതിസന്ധി. സയൻസ് ആവശ്യമായ കുട്ടിക്ക് ഹ്യൂമാനിറ്റീസ് എടുക്കുകയെ വഴിയുള്ളു. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വളഞ്ഞ വഴിയിലൂടെ മാര്‍ഗ്ഗം കണ്ടെത്തുമ്പോള്‍ ഭാവിയിൽ വിഷമിക്കുന്നത് ആ വിദ്യാർത്ഥിയും അവരുടെ മാതാപിതാക്കളുമാണ്.
ജനനത്തീയതി, ജാതി അല്ലെങ്കിൽ പേരിന്റെ ആൽഫബെറ്റിക് ഓർഡർ എന്നിവനോക്കി തികച്ചും അശാസ്ത്രീയമായ രീതിയിൽ മെറിറ്റ് സീറ്റ് നിർദേശിക്കുന്ന സമീപനമാണ് ഇപ്പോൾ കണ്ടുവരുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ക്ലാസുകൾ ആരംഭിക്കുവാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ തികഞ്ഞ പരാജയമാണ്. സംസ്ഥാനമാകെ കൊട്ടിഘോഷിച്ചു പ്രവേശനോത്സവം നടത്തിയതുകൊണ്ടോ, പിന്നണി ഗായകരെ ഉൾപ്പെടുത്തി പ്രവേശനോത്സവത്തിന് പ്രമോ സോങ്ങുകൾ ഇറക്കിയത് കൊണ്ടോ വിദ്യാഭ്യാസ രംഗം നന്നാകില്ല. അതതു കാലങ്ങളിൽ പരിഹരിച്ചു പോകേണ്ട പ്രശ്നങ്ങള്‍ കൃത്യസമയത്ത് പരിഹരിക്കുകതന്നെ വേണം. മലബാർ മേഖലയിൽ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴാണ് അക്കാദമിക് കലണ്ടർ ചർച്ചയാക്കി സർക്കാർ മുന്നോട്ടു നീങ്ങിയത്. മുൻകാലങ്ങളില്‍ നിന്നും വിഭിന്നമായി സർക്കാർ സ്കൂളുകൾ മെച്ചപ്പെട്ടു വരുന്നു എന്ന സത്യം മൂടിവെക്കുന്നില്ല. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും പഴയ സ്ഥിതി തന്നെയാണ് തുടരുന്നത്. സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെങ്കില്‍ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.
പരീക്ഷാഫലം പുറത്ത് വന്നപ്പോൾ തന്നെ മലബാർ മേഖലയിൽ ഇത്തവണയും സീറ്റ് പ്രതിസന്ധി രൂക്ഷമാകുമെന്ന് സർക്കാരിന് അറിയാമായിരുന്നു . എന്നിട്ടും യാതൊരു മുൻകരുതലുകളും സ്വീകരിച്ചില്ല. പിന്നീടാവാം പിന്നീടാവാം എന്ന് കരുതി മാറ്റിവെച്ച് ഇപ്പോള്‍ ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിക്കഴിഞ്ഞു. വാട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ മുൻ സർക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന ഭരണപക്ഷത്തിന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളിലാക്കുന്ന പ്രശ്നം മുമ്പില്‍ ഉണ്ടായിട്ടും പരിഹരിക്കുവാന്‍ കഴിയുന്നില്ല. രാവും പകലും ഉറക്കമിളച്ചു പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പെരുവഴിയിൽ നിര്‍ത്തി അമേരിക്കയിലോ ക്യുബയിലോ പോയി വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിച്ചതുകൊണ്ട് കാര്യമായില്ല.