മനുഷ്യത്വമില്ലാത്ത മാനേജര്‍മാരുടെ നടപടികൾ കാരണം കരിയറും മാനസികാരോഗ്യവും തകര്‍ന്നവരുടെ അനുഭവങ്ങള്‍ നിരന്തരമെന്നോളം കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ കീഴ്ജീവനക്കാരന്‍ വാഹനാപകടത്തില്‍പ്പെട്ട കാര്യം പറയുമ്പോഴുള്ള ഒരു മാനേജറുടെ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍. @kirawontmssi എന്ന എക്‌സ് ഉപയോക്താവാണ് മാനേജറും ജീവനക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്. മാനേജറുമായുള്ള ചാറ്റില്‍ ജീവനക്കാരന്‍ അപകടത്തില്‍ തകര്‍ന്ന തന്റെ കാറിന്റെ ചിത്രം അയച്ചു കൊടുത്തത് കാണാം.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത് ചിത്രത്തില്‍ കാണാം. ഇയാള്‍ വലിയൊരു അപകടത്തിലാണ് പെട്ടതെന്ന് ചിത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ അപകടത്തെ കുറിച്ചോ ജീവനക്കാരന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ അന്വേഷിക്കുന്നതിന് പകരം മാനേജര്‍ ചോദിക്കുന്നത് എപ്പോഴാണ് നിങ്ങള്‍ ഓഫീസില്‍ എത്തുക എന്നതാണ്. ജീവനക്കാരന്റെ പ്രതികരണമൊന്നും ഇല്ലാതായതോടെ പിറ്റേ ദിവസം മറ്റൊരു മെസേജ് കൂടെ മാനേജര്‍ അയക്കുന്നു. നിങ്ങള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷെ കുടുംബത്തില്‍ ആരെങ്കിലും മരണപ്പെടുകയോ മറ്റോ പോലുള്ള കാരണങ്ങളല്ലാതെ ഒരു കമ്പനിയും നിങ്ങള്‍ക്ക് അവധി തരില്ലെന്നായിരുന്നു രണ്ടാമത്തെ മെസേജ്.
നിങ്ങളുടെ മാനേജറാണ് ഇത്തരത്തില്‍ പറയുന്നതെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്ന ചോദ്യത്തോടെയാണ് ട്വിറ്ററില്‍ ഈ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കോടിയിലേറെ ആളുകളിലേക്കാണ് ഈ പോസ്റ്റ് എത്തിയത്. പലരും മാനേജറുടെ ഈ പ്രതികരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇത്തരം ടോക്‌സിക്ക് മാനേജര്‍മാര്‍ നമ്മുടെ ജീവിതം തന്നെ ദുരിതത്തിലാക്കുമെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇതുപോലെയുള്ള മാനേജര്‍മാരുടെ കൂടെ ജോലി ചെയ്ത അനുഭവങ്ങളായിരുന്നു ചിലര്‍ക്ക് പങ്കുവെക്കേണ്ടിയിരുന്നത്.