ആലപ്പുഴ: 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം പേരില്‍ ഭൂമി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തണ്ണീര്‍മുക്കം തെക്ക് വില്ലേജിലെ പുളിമൂട്ടില്‍ കോളനി നിവാസികള്‍. ഭര്‍ത്താവ് മരണപ്പെട്ട മൂന്ന് പേരുള്‍പ്പടെ എട്ട് കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിലൂടെ പട്ടയം കിട്ടിയത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരാണ് പുളിമൂട്ടില്‍ കോളനിയിലെ ഈ എട്ടു കുടുംബങ്ങളും. ഓട് മേഞ്ഞതും ഷീറ്റിട്ടതുമായ വീടുകളാണ്.
വര്‍ഷങ്ങളുടെ പഴക്കം കാരണം വീടുകള്‍ക്ക് ക്ഷയം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിക്ക് രേഖയില്ലാത്തതിനാല്‍ വീട് പുതുക്കി പണിയുന്നതിന് ഉള്‍പ്പടെ യാതൊരു സര്‍ക്കാര്‍ സഹായങ്ങളും ബാങ്ക് വായ്പയും ലഭിച്ചിരുന്നില്ല. പട്ടയം ലഭിക്കുന്നതോടെ സ്ഥലത്തിന്റെ പേരില്‍ ഏറെ നാളായി അനുഭവിക്കുന്ന ആശങ്കകള്‍ നീങ്ങുന്നതിനൊപ്പം അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കാനാകും. താമസിക്കുന്ന ഭൂമിക്ക് രേഖകള്‍ ലഭിച്ച സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് വേദിയില്‍ നിന്നും ഇവര്‍ മടങ്ങിയത്.