ഹൈദരാബാദ്: കൈക്കൂലി വാങ്ങിയത് കയ്യോടെ പിടിക്കപ്പെട്ടതോടെ തേങ്ങിക്കരഞ്ഞ് എഞ്ചിനീയർ. 84,000 രൂപ കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് കെ ജഗ ജ്യോതി എന്ന എഞ്ചിനീയർ പിടിയിലായത്. തെലങ്കാനയിലെ ട്രൈബൽ വെൽഫെയർ എൻജിനീയറിങ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ജ്യോതി. ജോലിയുമായി ബന്ധപ്പെട്ട ഒരു ആവശ്യം നിറവേറ്റുന്നതിന് പകരമായി ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി പ്രകാരമാണ് അറസ്റ്റെന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറിയിച്ചു. ജ്യോതി പണം വാങ്ങുന്നത് കയ്യോടെ പിടികൂടുകയും ചെയ്തു.
പിടിക്കപ്പെട്ടതോടെ ജ്യോതി തേങ്ങിക്കരയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എസിബിയുടെ നിർദേശ പ്രകാരം ഫിനോൽഫ്തലിൻ പുരട്ടിയ നോട്ടുകളാണ് ജ്യോതിക്ക് കൈമാറിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിരലിന്‍റെ നിറം പിങ്ക് കളറായി മാറി. അനർഹമായ സാമ്പത്തിക നേട്ടത്തിനായി ജഗജ്യോതി അനുചിതമായും സത്യസന്ധതയില്ലാതെയും പ്രവർത്തിച്ചെന്ന് എസിബി ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്കൂലിയായി വാങ്ങിയ 84,000 രൂപ ഇവരുടെ ഓഫീസിൽ നിന്ന് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത ജ്യോതിയെ ഹൈദരാബാദിലെ കോടതിയിൽ ഹാജരാക്കും.