വെച്ചൂച്ചിറ: കാഴ്ചയുടെ വിരുന്നൊരുക്കി എണ്ണൂറാംവയല്‍ സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്തമായി. പ്രവേശനോത്സവം വ്യത്യസ്തമാക്കുന്നതിൽ എണ്ണൂറാംവയൽ സ്കൂൾ ഇത്തവണയും കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. വിദ്യാലയ കവാടത്തിൽ ഒട്ടകക്കൂട്ടം, പിന്നിൽ ചെമ്മരിയാടുകൾ വിദ്യാലയ മുറ്റത്ത് എത്തുമ്പോൾ കാഴ്ചയുടെ വർണ്ണ വസന്തം വിരിയിച്ച് പറന്നിറങ്ങിയ പക്ഷിക്കൂട്ടം, മയിലുകളും തത്തയും പരുന്തുകളും ക്ലാസ്സ് മുറികളിലെത്തുമ്പോളാകട്ടെ ചുവരുകൾ നിറയെ മനോഹര കാഴ്ച സമ്മാനിക്കുന്ന പക്ഷികൾ. വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിലെ പ്രവേശനോത്സവ കാഴ്ചകൾ അങ്ങനെ നീളുകയാണ്. മലയാളികളെ വായനയുടെ പുതു ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ ബെന്യാമിന്റെ നോവലിനെ ബ്ലെസി എന്ന സംവിധായകനിലൂടെ പ്രേക്ഷകർ നെഞ്ചേറ്റിയ ആട് ജീവിതത്തിലെ ഒട്ടകങ്ങളും ചെമ്മരിയാടും ഒക്കെ അണി നിരന്ന ദൃശ്യാവിഷ്കാരത്തിന്റെ പശ്ചാത്തലാത്തിലായിരുന്നു ഇത്തവണത്തെ പ്രവേശനോത്സവം.
വ്യത്യസ്തതയും കൗതുകവും വർണ്ണപ്പൊലിമയും ഒത്തു ചേരുന്ന പ്രവേശനോത്സവം എണ്ണൂറാംവയലിനു സ്വന്തം എന്ന് അടിവരയിടുന്നതായിരുന്നു ഇത്തവണത്തെയും പ്രവേശനോത്സവും ആഘോഷവും റോബോട്ടും കെട്ടു വള്ളവും കുതിര വണ്ടിയും അരിക്കൊമ്പനുമൊക്കെ മുൻ വർഷങ്ങളിൽ വിദ്യാലയത്തിലെ പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടിയിരുന്നു. വിദ്യാലയത്തിലെ കൗതുകക്കാഴ്ചകൾ തന്നെയായിരുന്നു ആദ്യ ദിനത്തിലെ കുട്ടികളുടെ പഠനം. ആട് ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യത്തിൽ മൂന്ന് ഒട്ടകങ്ങളും ചെമ്മരിയാടും നവാഗതരെ വരവേൽക്കുവാൻ വിദ്യാലയ കവാടത്തിൽ കാത്തു നിൽപ്പുണ്ടായിരുന്നു. മുതിർന്ന കുട്ടികൾ അർബാബായി വേഷമിട്ട് കുഞ്ഞനുജത്തിമാരുടെയും അനുജൻമാരുടെയും മുന്നിൽ ഒട്ടകക്കൂട്ടത്തിനൊപ്പം അൽപ്പം ഗമയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
ഒട്ടകപ്പുറത്ത് കയറി സവാരി നടത്തിയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് സൈഫാൻ താരമായി. ഒട്ടകക്കൂട്ടത്തെയും ചെമ്മരിയാടിനെയും കണ്ടു കൗതുകം വിടും മുൻപേ കുരുന്നുകളെ എതിരേൽക്കാൻ പക്ഷിക്കൂട്ടം പറന്നെത്തിക്കഴിഞ്ഞു. പീലി നിവർത്തിയാടുന്ന മയിലുകളും വിദ്യാലയ മുറ്റം ഹരിതാഭമാക്കി തത്തക്കൂട്ടവും പരുന്തുകളെയുമൊക്ക കണ്ടു കുരുന്നുകൾ അന്തം വിട്ടു. പ്രത്യേക വേഷ വിധാനങ്ങളിൽ മുതിർന്ന കുട്ടികളാണ് പക്ഷികളായെത്തിയത്. ക്ലാസ്സ് മുറിയിലെത്തിയപ്പോൾ ചുവരുകൾ നിറയെ വർണ്ണക്കാഴ്ചകളുമായി പല നിറത്തിലും വലിപ്പത്തിലുമുള്ള ഒട്ടേറെ കിളികൾ.
കൗതുകക്കാഴ്ചകളുടെ നിറപ്പൊലിമയിൽ വിദ്യാലയത്തിലെ കുട്ടികളുടെ ആദ്യ ദിനം തന്നെ അവിസ്മരണീയമായി. 100 മൺ ചിരാതുകൾ കൊണ്ട് തീർത്ത ആദ്യാക്ഷരത്തിൽ മുതിർന്ന കുട്ടികളും അധ്യാപകരും പകർന്നു നൽകിയ ദീപം തെളിയിച്ചു നവാഗതർ അധ്യയനത്തിന് തുടക്കമിട്ടു. പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. റവ. ബൈജു ഈപ്പൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ രാജി വിജയകുമാർ, സിറിയക് തോമസ്, ടി കെ രാജൻ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, എം ടി മത്തായി, സാം എബ്രഹാം,പി ടി മാത്യു, പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ജോർജ്, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു.