റാന്നി: മാടമൺ പാലത്തിൻറെ എസ്റ്റിമേറ്റ് തയ്യാറായി. 4.95 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റീൽ ഇൻഡസ്ട്രീസ് (സിൽക്ക്) തയ്യാറാക്കിയത്. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പമ്പാനദിക്ക് കുറുകെ മാടമൺ കടവുകളെ ബന്ധിപ്പിച്ച് പുതിയ നടപാലം നിർമ്മിക്കുന്നത്. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് കടന്നു പോകത്തക്ക വിധത്തിലാണ് പാലത്തിൻ്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
പമ്പാനദിയുടെ കരയിൽ എല്ലാവർഷവും നടന്നുവരുന്ന മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറിലേക്കുള്ള പാലം കൂടിയാണ് ഇത്. ഇവിടെ നടപാലം വേണമെന്നത് എസ്എൻഡിപി യോഗത്തിന്റെയും നാട്ടുകാരുടെയും നിരന്തര ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് എംഎൽഎ ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചത്.
മണ്ണാറക്കുളഞ്ഞി -ചാലക്കയം ശബരിമല പാതയിൽ മാടമണ്ണിൽ ബസ് ഇറങ്ങി നാട്ടുകാർ പമ്പാനദി മറികടക്കാൻ ഇതുവരെ ആശ്രയിച്ചത് പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയിരുന്ന കടത്തു വള്ളത്തെയാണ്. അല്ലെങ്കിൽ ബംഗ്ലാംകടവ് വഴിയോ പൂവത്തുംമൂട് പാലം വഴിയോ ചുറ്റി വേണം മറുകരയിൽ എത്താൻ. മഴക്കാലങ്ങളിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്ന് കടത്തുതന്നെ ഇടയ്ക്ക് നിർത്തിവെയ്ക്കേണ്ട സ്ഥിതിയും ഉണ്ട്. ഇതോടെ മറുകരയിൽ എത്തണമെങ്കിൽ പത്തിലധികം കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥിതിയാകും. മാടമൺ കൺവെൻഷൻ നടക്കുമ്പോൾ പമ്പാ നദിക്ക് കുറുകെ നിർമ്മിക്കുന്ന താൽക്കാലിക നടപാതയിലൂടെയാണ് ആയിരക്കണക്കിന് ശ്രീ നാരായണ ഭക്തർ കൺവെൻഷൻ നഗറിലേക്ക് എത്തുന്നത്. ഇവരുടെയെല്ലാം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് പുതിയ നടപാലം വരുന്നത്.