തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം സംഘമേശ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറി. 10 ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്ര ചടങ്ങുകളും ആഘോഷങ്ങളമടങ്ങുന്നതാണ് പരിപാടികൾ. ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ വിശേഷാൽ പൂജകൾ, 8.30 മുതൽ 12.30 വരെ ശ്രീരാമപഞ്ചശതി പാരായണം എന്നിവയുണ്ടായി. രാത്രി 7.30ന് ആചാര്യവരണം നടത്തി. തുടർന്ന് 8.10നും 8.40നും മധ്യേ തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നഗരമണ്ണ് നാരായണൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി.
10 ദിവസം നീളുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവം മധ്യ കേരളത്തിലെ ഉത്സവ കാലത്തിൻ്റെ സമാപനം കൂടിയാണ്. സെപ്റ്റംബറിൽ തിരുവില്വാമല നിറമാലയോടെയാണ് മധ്യകേരളത്തിൽ ഉത്സവ കാലത്തിനു തുടക്കമാകുന്നത്. രാവിലെയും രാത്രിയും 17 ആനകളോടെ നടക്കുന്ന ശീവേലിയും പഞ്ചാരിമേളവും സംഘമേശ സന്നിധിയുടെ സവിശേഷതയാണ്. കോലമേറ്റിയ ആനയുടെ ഇരുവശവും ഉള്ളാനകൾ എന്നറിയപ്പെടുന്ന രണ്ടു കുട്ടിയാനകളെ നിർത്തുന്നതും ഇവിടത്തെ സവിശേഷതയാണ്. നാളെയാണ് കൊടിപ്പുറത്ത് വിളക്ക്.