Saturday, June 15, 2024 3:49 pm

കോഴിക്കോടിന്‍റെ ഫുട്ബോള്‍ ആവേശം ഇനി കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബിലൂടെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാല്‍പ്പന്ത് കളിയില്‍ കോഴിക്കോടിന് ആവേശത്തിര തീര്‍ക്കാന്‍ പുതിയ ഫുട്ബോള്‍ ക്ലബ്ബ് വരുന്നു. സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്‍റിലാണ് കോഴിക്കോടിന്‍റെ സ്വന്തം ഫുട്ബോള്‍ ക്ലബ്ബ് ആയ കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബ് അരങ്ങേറ്റം കുറിക്കുക. ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്‍റെ ഫ്രാഞ്ചൈസി ഉടമ വി കെ മാത്യൂസാണ് പുതിയ ക്ലബ്ബ് പ്രഖ്യാപിച്ചത്. ടീമിന്‍റെ ഔദ്യോഗിക ലോഗോ കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നവാസ് മീരാന്‍റെ സാന്നിധ്യത്തില്‍ കോഴിക്കോട് എംപി എം കെ രാഘവന്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ഒരു അന്തര്‍ദേശീയ ഫുട്ബോള്‍ സ്റ്റേഡിയമെന്ന സ്വപ്നം ഇപ്പോഴും സജീവമാണെന്ന് എം കെ രാഘവന്‍ പറഞ്ഞു. വി കെ മാത്യൂസിനെപ്പോലുള്ള സംരംഭകരുടെ സഹകരണം ഈ ഉദ്യമത്തിന് ആവശ്യമാണ്. പൊതു-സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഇത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഫുട്ബോള്‍ ആവേശമാണ് കേരളമെന്നും ഈ ആവേശത്തിന്‍റെ പ്രഭവകേന്ദ്രമാണ് കോഴിക്കോടെന്നും വി കെ മാത്യൂസ് പറഞ്ഞു. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ ഈ ആവേശം ഏറെ പ്രകടമായിരുന്നു. കേരളത്തില്‍ നിന്ന് നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 80 കളുടെ അവസാനം മുതല്‍ 90 കളുടെ പകുതി വരെ തുടര്‍ച്ചയായി ഏഴ് തവണയാണ് കേരള ടീം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്. നമ്മുടെ നാട്ടിലെ വളര്‍ന്നു വരുന്ന ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ അനുഭവസമ്പത്ത് പകര്‍ന്ന് നല്‍കുന്നതിലൂടെ കേരളത്തിന്‍റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കണം. കോഴിക്കോട് പുതിയ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് ആരംഭിക്കുന്നത് പോലെ മറ്റൊരു മാര്‍ഗം ഇതിനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപം ആഗ്രഹിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ നമ്മുടെ ആത്മവിശ്വാസത്തിന്‍റെ പ്രതീകം കൂടിയാണ് പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നൂറ്റാണ്ടാണ് ഇനി വരാന്‍ പോകുന്നത്. കായികമേഖലയടക്കം എല്ലാ രംഗത്തും നമ്മുക്ക് മേധാവിത്തം ഉണ്ടാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണല്‍ ഫുട്ബോളിലൂടെ മാന്യമായ ജീവിതസാഹചര്യമുണ്ടായാല്‍ കേരളത്തിലെ ഫുട്ബോള്‍ മേഖലയില്‍ അത്ഭുതകരമായ മാറ്റമുണ്ടാകുമെന്ന് നവാസ് മീരാന്‍ പറഞ്ഞു. സബ് ജൂനിയര്‍ തലം മുതല്‍ മികച്ച പരിശീലനവും പ്രൊഫഷണലിസവും കൊണ്ടു വന്നാല്‍ മാത്രമേ സീനിയര്‍ തലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ. അതിനു വേണ്ടിയാണ് വര്‍ഷം 2,100 കളിയെങ്കിലും സംസ്ഥാനത്ത് നടത്താനുള്ള സാഹചര്യമുണ്ടാക്കുന്നത്. സൂപ്പര്‍ലീഗ് കേരള ഈ ലക്ഷ്യത്തിലേക്കുള്ള ഉദ്യമമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായികടൂര്‍ണമെന്‍റായി ഇതു മാറും. വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് എസ്എല്‍കെയിലുള്ളത്. സെപ്തംബര്‍ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടനമത്സരം. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും പത്ത് മത്സരങ്ങള്‍ വീതം കളിക്കും. അതില്‍ അഞ്ചെണ്ണം ഹോം ഗ്രൗണ്ടിലും അഞ്ചെണ്ണം പുറത്തുമായിരിക്കും. പ്രാഥമിക റൗണ്ടില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേ ഓഫില്‍ എത്തും.

കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബില്‍ ആകെ 25 കളിക്കാരാണുള്ളത്. അതില്‍ ആറ് വിദേശ താരങ്ങളും ദേശീയതലത്തില്‍ കളിക്കുന്ന ഏഴ് പേരും അതോടൊപ്പം കേരളത്തില്‍ നിന്ന് 12 പേരുമായിരിക്കും. ഹെഡ് കോച്ച് വിദേശത്തു നിന്നാണ്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയമായിരിക്കും ക്ലബ്ബിന്‍റെ ഹോം ഗ്രൗണ്ട്. ഐബിഎസ് സോഫ്റ്റ്‌വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് ക്ലബ്ബ് ഉടമ വി കെ മാത്യൂസ്. ആഗോള ട്രാവല്‍ വ്യവസായത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള കമ്പനിയാണ് ഐബിഎസ്. ലോകത്തെമ്പാടുമായി 17 ഓഫീസുകളും 42 രാജ്യങ്ങളില്‍ നിന്നുള്ള 5000 ഓളം ജീവനക്കാരുമാണ് ഐബിഎസിനുള്ളത്. കേരളത്തില്‍ രണ്ട് ഓഫീസുകളടക്കം ഇന്ത്യയില്‍ ഐബിഎസിന് മൊത്തം നാല് ഓഫീസുകളുണ്ട്.

ഫുട്ബോള്‍ ക്ലബ്ബ് ഉടമയാകാനുള്ള തീരുമാനത്തിന് നിരവധി കാരണങ്ങളുണ്ടെന്ന് വി കെ മാത്യൂസ് പറഞ്ഞു. എസ്എല്‍കെയിലൂടെ സംസ്ഥാനത്തെ ഫുട്ബോള്‍ മത്സരങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനാകുമെന്ന് വിശ്വസിക്കുന്നു. പുതിയ കളിക്കാര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനോടൊപ്പം മികച്ച ഫുട്ബോള്‍ ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കാനും ഇതിലൂടെ സാധിക്കും. കൂടുതല്‍ പ്രൊഫഷണല്‍ കളിക്കാരെ ഫുട്ബോളുമായി അടുപ്പിക്കാനും ഇത് ഉപകരിക്കും. കേരളത്തിലെ നിക്ഷേപകനെന്ന നിലയില്‍ ഇവിടുത്തെ യുവജനതയുടെ പുരോഗതിയും നാടിന്‍റെ പുരോഗതിയും വ്യത്യസ്തമായല്ല കാണുന്നത്. സ്പോര്‍ട്സില്‍ നിക്ഷേപം നടത്തുന്നത് യുവാക്കളില്‍ നിക്ഷേപം നടത്തുന്നതിന് തുല്യമാണ്. മികച്ച പൗരന്മാരായി വളര്‍ന്നുവരാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി അവരെ ശാക്തീകരിക്കാന്‍ എസ്എല്‍കെയും കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബും പരിശ്രമിക്കുമെന്നും വി കെ മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ

0
മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇങ്ങനെ നിരവധി ചർമ്മ...

ഫോം 16 ലഭിച്ചോ? ആദായ നികുതി ഫയൽ ചെയ്യും മുൻപ് ഈ കാര്യങ്ങൾ ഉറപ്പുവരുത്തുക

0
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. ഇന്നത്തോട് കൂടി തൊഴിലുടമകളിൽ...

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം

0
തിരുവനന്തപുരം : നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം...

റാന്നി ബി.ആർ.സിയില്‍ ഓട്ടിസം സെൻ്റർ കുടുബ സംഗമം നടത്തി 

0
റാന്നി : ഓട്ടിസം സ്വാഭിമാന ദിനാചരണത്തിൻ്റെ മുന്നോടിയായി റാന്നി ബി.ആർ.സി യിൽ...