ഡൽഹി: ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യ പാകിസ്ഥാൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ടിട്ടില്ല. എന്നാൽ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കുന്നു. പാക് ആക്രമണ ശ്രമങ്ങളെ ഇന്ത്യ പരാജയപ്പെടുത്തി. പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യ തകർത്തു. ഇന്ത്യ ഒരിക്കലും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല. ഐക്യരാഷ്ട്രസഭയിൽ അടക്കം പാകിസ്ഥാൻ ലക്ഷകർ ഇ തൊയ്ബയെ പിന്തുണച്ചു. പാകിസ്ഥാൻ നിരപരാധികളായ 16 ഓളം പേരെ നിയന്ത്രണരേഖയ്ക്ക് സമീപം കൊലപ്പെടുത്തി. ഇതിൽ 3 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടുന്നു.
പഹൽഗാമിൽ ആക്രമണം നടത്തിയ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന സംഘടന ലഷ്കറെ തയ്ബയുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ്. ഈ സംഘടനയെക്കുറിച്ച് യുഎന്നിന്റെ ഉപരോധ നിരീക്ഷണ സമിതിക്ക് ഇന്ത്യ വിവരങ്ങൾ കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎൻ സമിതിയെ ഉടൻ തന്നെ കാണും. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ അതിൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ പേരു പരാമർശിക്കുന്നതിനെ എതിർത്തത് പാക്കിസ്ഥാനായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം രണ്ടുതവണ ടിആർഎഫ് ഏറ്റെടുത്തതിനു ശേഷമായിരുന്നു ഇത്.