കോഴിക്കോട്: അട്ടപ്പാടിയിൽ ട്രൈബൽ താലൂക്കിൽ 174 അപേക്ഷകൾക്ക് വനംവകുപ്പ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) അനുവദിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അട്ടപ്പാടിലെ വിവിധ വില്ലേജുകളിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി 330 അപേക്ഷകൾ ലഭിച്ചുവെന്ന കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നൽകി. ചിലർക്ക് ഒന്നിലധികം സർവേ നമ്പരുകളായി ഭൂമി അനുവദിച്ചിട്ടുണ്ട്. ഉദാഹരണമായി ജോസിന് 561/1-2, 471/ 13- 2, 471/ 3, 560/ 2 എന്നിങ്ങനെയാണ് എൻ.ഒ.സി അനുവദിച്ച ഭൂമിയുടെ സർവേ. പി എം വേണുഗോപാലിന് 939/ 1, 936/1.936/3, 938/1 എന്നിങ്ങനെ 2021 ഡിസംബർ 29ന് നൽകിയ അപേക്ഷയിന്മേൽ എൻ.ഒ.സി നൽകി.
നിഷ ഗോപിനാഥ് 757/3-1,757/4,757/5 എന്നീ സർവേ നമ്പരിലെ ഭൂമിക്ക് 2023 ഡിസംബർ 11ന് നൽകിയ അപേക്ഷയിന്മേൽ എൻ.ഒ.സി അനുവദിച്ചു. മണ്ണാർക്കാട് ഡിവിഷനിലെ അട്ടപ്പാടി മേഖലയിൽ ആദിവാസികൾക്ക് 2006 ലെ വനാവകാശ പ്രകാരം വ്യക്തിഗത വനാവകാശമായി 2152.28 ഏക്കർ വനഭൂമി നൽകി. വനാവകാശ നിയമപ്രകാരം 2025 ഡിസംബർ 13 വരെ കൈവശം വെച്ച കൃഷി ചെയ്തുവന്നിരുന്ന ഭൂമിക്ക് അതാത് പ്രദേശത്ത് ഫോറസ്റ്റ് റീജിയണൽ കോർഡിനേഷൻ കമ്മിറ്റി ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അനുവദിച്ചത്. കമ്മിറ്റിയുടെ ശിപാർശ സബ് ഡിവിഷണൽ, ഡിവിഷണൽ തലങ്ങളിൽ പരിശോധന നടത്തിയാണ് വ്യക്തിഗത അവകാശം അനുവദിച്ചത്.
ഈ ഭൂമിയുടെ അതിർത്തികൾ നിർണയിച്ച് സ്കെച്ച് തയാറാക്കി അതിർത്തിയിൽ കല്ലുകൾ സ്ഥാപിച്ചതും പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ്. 2015 ഡിസംബർ 13 ന് കൈവശമുള്ള ഭൂമിയുടെ അടിസ്ഥാനത്തിലാണ് അതിരുകൾ നിർണയിച്ച് അവകാശ അനുവദിച്ചത്. വനാവകാശ നിയമം വകുപ്പ് നാല് (നാല്) പ്രകാരം ലഭ്യമായ ഭൂമിയുടെ അവകാശം പരമ്പരാഗതമായിരിക്കും. എന്നാൽ ഈ ഭൂമി അന്യാധീപ്പെടുത്താനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. വിവാഹിതരായ വ്യക്തികളിൽ ദമ്പതിമാർ രണ്ടുപേരുടെയും പേര് കൂട്ടായി രജിസ്റ്റർ ചെയ്യണം. ഒരാളിനാൽ നയിക്കുന്ന കുടുംബമാണെങ്കിൽ ഗൃഹനാഥന്റെ പേരിലും നേരിട്ടുള്ള ഒരു അനന്തര അവകാശിയുടെ അഭാവത്തിൽ പരമ്പരാഗത അവകാശം ഏറ്റവും അടുത്ത കുലബന്ധുവിൽ വന്നുചേരുമെന്നും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ മറുപടി നൽകി.