കോന്നി : നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിൽ പാടം ഫോറസ്റ്റേഷൻ പരിധിയിലെ കുളത്തുമണ്ണിൽ പത്തേക്കർ ഭാഗത്ത് വന മേഖലയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ വസ്തു ഉടമക്ക് എതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. മണ്ണിൽ ബൈജു എന്നയാൾക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് നാല് ദിവസത്തോളം പഴക്കം വരുന്ന കാട്ടാനയുടെ ജഡം ഇവിടെ കണ്ടെത്തിയത്. വസ്തുവിലെ കൈതചക്ക കൃഷിയുടെ സംരക്ഷണത്തിനായി ഇവിടെ സൗരോർജ്ജ വേലി സ്ഥാപിച്ചിരുന്നു. ഒരാഴ്ച മുൻപ് സംരക്ഷണ വേലി തകർത്ത് അകത്ത് കടന്ന കാട്ടാന വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇതിനെ തുടർന്ന് സൗരോർജ്ജ വേലി വഴി കൂടുതൽ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാന ചരിയുവാൻ ഇടയായത് എന്നാണ് സൂചന.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. ആനയുടെ ജഡം കണ്ടെത്തി ഒരു ദിവസത്തിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം സംസ്കരിക്കുന്നത്. സംഭവം വനപാലകർ മറച്ചു വെച്ചുവെന്നും തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് നടപടികൾ പൂർത്തിയാക്കിയത് എന്നുമാണ് അറിയുന്നത്. സംസ്ഥാനത്തെ സൗരോർജ്ജ വേലികൾ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തി സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നാണ് ചട്ടം. വനം വകുപ്പ് ഉൾപ്പെടെ ഈ നിർദേശം എവിടെയും പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല കഴിഞ്ഞ കാലയളവിനുള്ളിൽ നിരവധി കാട്ടാനകളും നടുവത്തുമൂഴി റേഞ്ചിൽ ചരിഞ്ഞിട്ടുണ്ട്. കല്ലേലി, കുളത്തുമൺ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി സ്ഥലങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്. കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാവുകയും നിരവധി തൊഴിലാളികൾ കാട്ടാനയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപെടുകയും ചെയ്തിരുന്നു.