തലപ്പുഴ : മക്കിമല വനമേഖലയിലെ കാളികുണ്ടില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ 10.30-ഓടെയാണ് മക്കിമലയിലെ ജനവാസമേഖലയോട് ചേര്‍ന്ന് വനത്തില്‍ കാട്ടുകൊമ്പനെ വനപാലകര്‍ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. 40 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു. തുടര്‍ന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. രമേശ് ബിഷ്ണോയ്, മാനന്തവാടി റേഞ്ച് ഓഫീസര്‍ കെ.വി. ബിജു, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ എം. പത്മനാഭന്‍ തലപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഷിജു ജോസ് എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
വനംവകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയുടെ ജഡം പോസ്റ്റ്മാർട്ടം നടത്തി. രാത്രിയോടെ മണ്ണുമാന്തിയന്ത്രം എത്തിച്ച് ജഡം വനത്തിനുള്ളില്‍ സംസ്കരിച്ചു. ആന ചരിയാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.