തിരുവനന്തപുരം : തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ആയ. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ പറഞ്ഞു. പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു. കേസിൽ ഇപ്പോൾ പ്രതികൾ ആയവർ മുൻപും കുറ്റം ചെയ്തവരാണ്.
താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും മാസങ്ങള്‍ക്ക് മുന്‍പ് വരെ ശിശുക്ഷേമ സമിതിയില്‍ ജോലി ചെയ്ത ആയ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കാര്യം ആയമാര്‍ അധികൃതരെ അറിയിക്കാതെ മറച്ച് വെച്ചത് ഒരാഴ്ചയാണ്. കിടക്കയിൽ മൂത്രമൊഴിക്കുന്നത് പതിവാക്കിയിരുന്ന കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാർ പലയിടത്തും വെച്ച് സംസാരിച്ചത്. അറസ്റ്റിലായ ആയമാർ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും ഇടത് രാഷ്ട്രീയബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നു.