എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി. സുപ്രധാന ക്രിമിനൽ കേസുകളിലടക്കം നിർണ്ണായകമായ, ഒരു ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധന ഫലം കാത്തു കിടക്കുന്നത്. മധ്യകേരളത്തിലെ കുറ്റാന്വേഷണങ്ങളുടെ ഭാഗമായി ശസ്ത്രീയ പരിശോധനകൾക്ക് പൊലീസ് ആശ്രയിക്കുന്ന സ്ഥാപനമാണ് ജീവനക്കാരുടെ കുറവ് മൂലം വലയുന്നത്. പരിശോധനാ ഫലങ്ങൾ വൈകുന്നുവെ ന്നതാണ് ഇതുമൂലമുണ്ടാകുന്ന പ്രതിസന്ധി.2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം 38,981 കേസുകളിലായി 1,02,267 സാമ്പിളുകളാണ് ഇവിടെ പരിശോധന പൂർത്തിയാകാതെ കെട്ടിക്കിടക്കുന്നത്.
ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധന കാത്തു കിടക്കുന്നത് ക്രിമിനൽ കേസുകളുടെ വിചാരണയും ശാസ്ത്രീയ തെളിവ് ശേഖരണവും വൈകിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള പൊലീസ് കേസുകളിലെയും മറ്റ് ശാസ്ത്രീയ അന്വേഷണങ്ങളിലെയും സാമ്പിളുകളാണ് കാക്കനാട് ലാബിൽ പരിശോധനയ്ക്ക് എത്തുന്നത്. ലാബിൽ ആകെ 68 സ്ഥിരം ജീവനക്കാരുടെ തസ്തികകളാണുള്ളത്. ഇതിൽ മേധാവി തസ്തികയായ ജോയിന്റ് കെമിക്കൽ എക്സാമിനർ ഉൾപ്പെടെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, തുടങ്ങിയ സുപ്രധാന തസ്തികകളിലും ആളില്ല. ഒഴിവുകൾ നികത്താൻ താൽക്കാലിക ജീവനക്കാരെപ്പോലും നിയമിച്ചിട്ടില്ലന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, വിരമിക്കൽ, മറ്റ് വകുപ്പുകളിലേക്ക് മാറൽ, ഡെപ്യൂട്ടേഷൻ, ജോലിയിൽ പ്രവേശിക്കാതിരിക്കൽ എന്നിവയാണ് ഒഴിവുകൾക്ക് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
































