തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ നാളെ (ഞായർ- 26/01) സമാപിക്കും. രാവിലെ 7.30-ന് സഭയിലെ ബിഷപ്പന്മാരുടെ കാർമികത്വത്തിൽ കൺവൻഷൻ പന്തലിൽ തിരുവത്താഴ ശുശ്രൂഷ നടത്തപ്പെടും. 9 ന് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും രാഷ്ട്രത്തെ ഓർത്തു കൊണ്ടുള്ള പ്രത്യേക സ്തോത്ര പ്രാർത്ഥനയും സഭാ ആസ്ഥാനത്തെ ഓഫീസ് മന്ദിരാങ്കണത്തിൽ നടക്കും. തുടർന്ന് 65 -ാമത് സഭാ ദിന സ്തോത്രശുശ്രൂഷയിൽ ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ സഭാദിന സന്ദേശം നൽകും. പൂർണ്ണസമയ സുവിശേഷ വേലക്കായി സമർപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുള്ള പ്രതിഷ്ഠാ ശുശ്രൂഷയും സുവിശേഷ പ്രവർത്തന ബോർഡിന്റെ മിഷനറി യോഗവും സമാപന പൊതുസമ്മേളനവും ഉണർവിൻ വർഷാചരണ പ്രഖ്യാപനവും തുടർന്ന് നടക്കും. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകും.
വെള്ളിയാഴ്ച്ച രാവിലെ സേവിനി സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന മിഷനറി യോഗത്തിൽ ബ്രദർ സാജു ജോൺ മാത്യു മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീജന പ്രവർത്തന ബോർഡ് സെക്രട്ടറി സൂസൻ കുരുവിള റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
ഉച്ചക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗത്തിലും ബ്രദർ സാജു ജോൺ മാത്യു പ്രസംഗിച്ചു. ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വൈകിട്ടത്തെ പൊതുയോഗത്തിൽ ഹിന്ദി ബെൽറ്റ് മിഷന്റെ റിപ്പോർട്ട് റവ. ഷിബു കോരുതും ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജിന്റെ റിപ്പോർട്ട് പ്രിൻസിപ്പാൾ റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യുവും അവതരിപ്പിച്ചു. റവ. ഡോ. രാജാസിംങ്ങ് മുഖ്യ പ്രഭാഷണം നടത്തി. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. റവ. മാത്യൂസ് ഏബ്രഹാം പരിഭാഷപ്പെടുത്തി. നാം ഇന്നനുഭവിക്കുന്ന ആത്മീയ-ഭൗതിക സൗഭാഗ്യങ്ങൾ എല്ലാം ദൈവത്തിന്റെ കൃപ ഒന്നുകൊണ്ട് മാത്രം ലഭിച്ചതാണെന്നും ക്രിസ്തു കേന്ദ്രീകൃതമായി നല്ല ഫലം പുറപ്പെടുവിക്കുന്നവരായി
തീരുവാൻ ആത്മ സമർപ്പണത്തോടെ ഒരുങ്ങുവാൻ വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
റവ. ബിജു തോമസ്, റവ. ഡെയിൻ മാത്യു ദാസ്, റവ. ജോബിൻ വി. ജോൺ, വർഗീസ് തോട്ടത്തിൽ, സേവിനി റെയ്ച്ചൽ ചാക്കോ, സേവിനി ജിനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. യുവജന പ്രവർത്തന ബോർഡിന്റെ കടമ്പനാട് ഐവർകാല ശ്രദ്ധ പാലിയേറ്റിവ് കെയർ സെൻ്ററിന്റെ പ്രവർത്തന റിപ്പോർട്ട് ഡയറക്ടർ റവ. ഡോ.ജോൺ മാത്യു അവതരിപ്പിച്ചു. നാളെ (ശനി) രാവിലെ യുവജന പ്രവർത്തന ബോർഡിന്റെയും സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെയും ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്കിന്റെയും മിഷനറി യോഗങ്ങൾ പന്തലിൽ നടക്കും. ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നത് 80 സണ്ടേസ്കൂൾ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന ഗായകസംഘമാണ്. സെക്രട്ടറിമാരായ റവ. അനിഷ് മാത്യു, റവ. സജി ഏബ്രഹാം എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും. മനു റസ്സൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടത്തപ്പെടും. ഉച്ചക്ക് ശേഷം സഭയുടെ വിദ്യാഭ്യാസ ബോർഡിന്റെ മിഷനറി സമ്മേളനം നടത്തപ്പെടും. പ്രൊഫ. ഡോ. ജോസി വർഗീസ് പ്രസംഗിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, വിവിധ സംസ്ഥാന ബോർഡുകളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ദുബായ് ഇവാൻജലിക്കൽ ബിലിവേഴ്സ് സ്കോളർഷിപ്പും വിതരണം ചെയ്യും. വൈകിട്ടത്തെ പൊതുയോഗത്തിൽ ട്രൈബൽ മിഷൻ ഡയറക്ടർ ഡോ. കെ. മുരളീധർ മുഖ്യ പ്രഭാഷണം നടത്തും. ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ പ്രസംഗിക്കും.
കൺവൻഷനിൽ നാളെ
7.30: ബൈബിൾ ക്ലാസ്: ബ്രദർ. സാജു ജോൺ മാത്യു
9.30: മിഷനറി യോഗം:
യുവജന പ്രവർത്തന ബോർഡ്
സണ്ടേസ്കൂൾ പ്രവർത്തന ബോർഡ്
ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക്-
പ്രസംഗം: ബ്രദർ. മനു റസ്സൽ
2.00: മിഷനറി യോഗം- വിദ്യാഭ്യാസ ബോർഡ്- ബ്രദർ സാജു ജോൺ മാത്യു
6.30: പൊതുയോഗം- ബൈബിൾ സൊസൈറ്റി- റവ. ജേക്കബ് ആന്റണി- പ്രസംഗം: ഡോ. കെ മുരളീധർ