തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സർക്കാർ നീക്കം. ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ പുതിയ വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി. പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സാഹചര്യത്തിൽ നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഉപദേശം നൽകിയത്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കം. സമൂഹത്തിൽ നിരവധി മേഖലകളിൽ നിന്നുയർന്ന കടുത്ത വിമർശനത്തെ തുടർന്ന് സർക്കാർ പ്രതിരോധത്തിലായിരുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കും. പരാതി ഉള്ളവർക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് കേസെടുക്കും. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ പരാതി ഉള്ളവർക്ക് സമീപിക്കാമെന്നല്ലാതെ നേരിട്ട് കേസെടുക്കാൻ സർക്കാർ തയ്യാറല്ലെന്നതാണ് വസ്തുത.
അതിനിടെ, യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ പോലീസിൽ പരാതി. സിദ്ധിഖിനെതിരെ കൊച്ചി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പോലീസിൽ പരാതി നൽകിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പോലീസ് പരാതി പരിശോധിച്ചുവരികയാണ്.