തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ. സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാധ്യതയുണ്ട്. യോഗ്യരായ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിച്ചിരുന്നു.
എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തിൽ മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂർത്തിയാക്കിയാൽ മാത്രമേ മറ്റ് അധ്യാപകരുടെ നിയമനം ക്രമപ്പെടുത്താൻ സർക്കാർ അനുവദിച്ചിരുന്നുള്ളൂ. ഇതേ തുടർന്ന് സംസ്ഥാനത്തെ മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപക നിയമനം പ്രതിസന്ധിയിലായിരുന്നു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂർത്തിയാക്കാനും യോഗ്യരായവരെ കണ്ടെത്താനും ബുദ്ധിമുട്ടായിരുന്നുവെന്നാണ് മാനേജ്‌മെന്റ് സ്‌കൂളുകൾ പറയുന്നത്.
എൻഎസ്എസ് അടക്കമുള്ള മാനേജ്‌മെന്റുകൾ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങിക്കുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാർ ഇവർക്ക് അനുകൂലമായി ഉത്തരവ് പുറത്തിറക്കിയിരുന്നു. മൂന്ന് ശതമാനം സംവരണം മാറ്റിവെച്ച് മറ്റ് അധ്യാപക നിയമനം നടത്താൻ നടത്താൻ സർക്കാർ ഉത്തരവായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനം നടത്താൻ സംസ്ഥാനതലത്തിൽ സമിതി രൂപീകരിച്ചത്.