തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ മേയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാർ. ആ നിലക്ക് ഒമ്പതു വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറുകയാണ് സർക്കാരിന്റെ നാലാം വാർഷികാഘോഷം. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും നാടിന്റെ സമൃദ്ധമായ ഭാവി മുന്നിൽ കണ്ടുള്ള വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടക്കുക.
സർക്കാർ വകുപ്പുകളുടെ സേവനങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും മനസ്സിലാക്കാൻ പൊതു ജനങ്ങൾക്ക് വിപുലമായ സൗകര്യം ഒരുക്കും. സർക്കാരും ജനങ്ങളുമായുള്ള ഇഴയടുപ്പം ദൃഢമാക്കാനും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനും സഹായിക്കുന്നതായിരിക്കും വാർഷികാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഷികാഘോഷങ്ങൾക്ക് ഏപ്രിൽ 21 ന് കാസർകോട് തുടക്കം കുറിക്കും. എല്ലാ ജില്ലകളിലും ജില്ലാ തല യോഗങ്ങൾ നടക്കും. അവയിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം.
ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട വ്യക്തികൾ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തിന്റെ നേട്ടങ്ങളെല്ലാം സാധ്യമാക്കാൻ സർക്കാരിന് ഊർജവും പ്രചോദനവും നൽകുന്നത്. സർക്കാരിന്റെ മുന്നോട്ടുള്ള യാത്രയിലും ജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. ഒരേ മനസോടെയുള്ള ഈ യാത്ര തുടരേണ്ടതുണ്ട്. നാലാം വാർഷികാഘോഷം നമ്മുടെ സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി മാറും. കേരളത്തിലെ മുഴുവൻ ജനങ്ങളെയും ആഘോഷത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.