തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയതോതിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് എവിടെയെങ്കിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടോ എന്ന് കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ സർവൈലൻസ് ഓഫീസർമാർക്കും മന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടെയും യോഗത്തിലാണ് തീരുമാനം.
കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ മുന്നോട്ട് വെച്ചു. ഈമാസം ഇതുവരെ റിപ്പോർട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്. ഏറ്റവും കൂടുതൽ കേസ് കോട്ടയം ജില്ലയിൽ, 82 കേസുകൾ. തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49 , പത്തനംതിട്ട 30, തൃശ്ശൂർ 26 എന്നിങ്ങനെയാണ് ഈ മാസത്തിലെ കണക്ക്.