എറണാകുളം: മന്ത്രി ആർ ബിന്ദുവിനെതിരായ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർഥിയായ തോമസ് ഉണ്ണിയാടൻ നൽകിയ ഹർജിയാണ് തള്ളിയത്. പ്രൊഫസർ അല്ലാതിരിന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ടു ചോദിച്ചു എന്നായിരുന്നു ഹർജിയിലെ ആരോപണം. ആർ ബിന്ദുവിന്റെ തടസവാദം കോടതി അംഗീകരിച്ചു. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി.
നേരത്തെ ഹർജിക്കാരനായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ഉണ്ണിയാനോട് ഹർജിയിലെ പിഴവ് തിരുത്താൻ കോടതി നിർദേശിച്ചിരുന്നു. അതേസമയം, പ്രൊഫസർ അല്ലാത്ത വിദ്യാഭ്യസമന്ത്രി ബിന്ദു പ്രൊഫസർ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാംപെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. ആർ ബിന്ദുവിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും ഗവർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു ആവശ്യം.