കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിർമാണ കമ്പനിയായ കോസ്മോസ് എന്റർടൈൻമെൻറ്സ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജാനകി എന്ന് പേര് മാറ്റണമെന്നാണ് റിവൈസിങ് കമ്മിറ്റിയുടെ നിർദേശം എന്ന് കോടതിയെ അറിയിച്ച സെൻസർ ബോർഡിന് അതിരൂക്ഷ വിമർശനമാണ് കഴിഞ്ഞ തവണ കോടതിയിൽ നിന്നുണ്ടായത്. എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിച്ചുകൂടാ എന്നതിൽ വ്യക്തമായ കാരണസഹിതം ഇന്ന് നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിർദേശം.
മതപരമായ പേരാണ് പ്രശ്നമെന്നാണ് സെൻസർ ബോർഡ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ ഏറെക്കുറെ എല്ലാ പേരുകളും ദൈവത്തിന്റെ പേരുകൾ ആകുമെന്നും ഇത്തരം വാദങ്ങൾ ചൂണ്ടിക്കാട്ടി കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടരുത് എന്നുമാണ് കോടതി വിമർശിച്ചത്. സിനിമയ്ക്ക് പേരിടുന്നതും കഥയെഴുതുന്നതും ഉൾപ്പെടെ സംവിധായകന്റേയും അഭിനേതാക്കളുടെയും സ്വാതന്ത്ര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ മറുപടിക്കെതിരെ കോസ്മോസ് എന്റർടൈൻമെന്റ്സ് ഫയൽ ചെയ്ത മറ്റൊരു ഹർജിയും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.