കൊച്ചി: അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്‌പെഷ്യല്‍ സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിന്നക്കനാല്‍ ജനവാസ മേഖലയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ അരികൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും വിമർശനങ്ങളുമാണ് ഉയർന്നിരുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അരിക്കൊമ്പനെ എവിടേയ്ക്ക് മാറ്റണമെന്ന് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അല്ലാത്തപക്ഷം നേരത്തെ നിശ്ചയിച്ച പ്രകാരം പറമ്പിക്കുളത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചത്. അതേസമയം അരികൊമ്പൻ വിഷയത്തിൽ കോടതിയെ അനുസരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി വനം മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു.ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും,നടപടികൾ വേഗത്തിൽ നടപ്പാക്കുമെന്നും അതേസമയം അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട് നൽകും.