പത്തനംതിട്ട : വ്യാപാരികളുടെ പ്രതീക്ഷ തകര്‍ന്നു. പത്തനംതിട്ട ഉള്‍പ്പെടെ കേരളത്തിന്റെ മിക്ക ജില്ലകളിലും കനത്തമഴ. ഓണത്തിന് കനത്ത മഴക്കുള്ള സാധ്യതയാണ് ഉള്ളത്. പത്തനംതിട്ടയില്‍ ഇന്ന് ഉച്ചയോടെ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. ഇതോടെ ഇപ്രാവശ്യത്തെ ഓണക്കച്ചവടവും വ്യാപാരികള്‍ക്ക് നഷ്ടമായി. കോവിഡിന് ശേഷം തകര്‍ന്നുപോയ വ്യാപാരമേഖലക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈ ഓണക്കാലം. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കാണ് വ്യാപാരികള്‍ കരുതിയിരുന്നത്.
ഏറ്റവും കൂടുതല്‍ മത്സരം ഹൃഹോപകരണ വില്‍പ്പന മേഖലയിലായിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്റ്റോക്കാണ് ഓരോരുത്തരും കരുതിയിരിക്കുന്നത്. കൈവിട്ടുള്ള കളിക്കുവേണ്ടി ലക്ഷങ്ങള്‍ പരസ്യത്തിനും പൊടിച്ചു. വസ്ത്രവ്യാപാരമേഖലയിലും ഇത് തന്നെയാണ് സംഭവിച്ചത്. കടത്തില്‍ മുങ്ങിയിരിക്കുന്ന ചെറുകിട വ്യാപാരികളും വന്‍തുകകള്‍ വായ്പയെടുത്ത് ഓണക്കച്ചവടത്തിന് തയ്യാറെടുത്തിരുന്നു. തിരുവോണത്തിന് രണ്ടാഴ്ച മുമ്പെങ്കിലും മഴ മാറിയെങ്കില്‍ മാത്രമേ ഓണം ആഘോഷമാക്കുവാന്‍ കഴിയൂ. എന്നാല്‍ ഇക്കുറി ഇതെല്ലാം അസ്തമിച്ചു. കഴിഞ്ഞദിവസം വെയില്‍ തെളിഞ്ഞപ്പോള്‍ ഏറെ പ്രതീക്ഷയോടെ ആയിരുന്നു വ്യാപാരികള്‍. എന്നാല്‍ ഇന്നത്തെ കനത്ത മഴയോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഓണത്തിന് രണ്ടുനാള്‍ മാത്രം ശേഷിച്ചിരിക്കെ വ്യാപാരികളുടെ പ്രതീക്ഷകളൊക്കെ അസ്തമിച്ചു.
ഉത്രാടദിനത്തിൽ എട്ട് ജില്ലകളിലും തിരുവോണ ദിവസം നാലു ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. നാളെ നാലു ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതാ മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നാളെ റെഡ് അലേർട്ടും കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ഏഴു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.