കൊല്ലം : വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി അശ്വതിയും നവജാത ശിശുവുമാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതിക്ക് പ്രസവ വേദനയെ തുടര്‍ന്ന് ഭര്‍ത്താവും മറ്റൊരു മകനും ചേര്‍ന്ന് പ്രവസമെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ അര്‍ധരാത്രി ഒരു മണിയോടെ അശ്വതിക്ക് പ്രവസവേദനയുണ്ടാകുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാകാതെ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവമെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ വിവരം അറിഞ്ഞ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. അശ്വതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതിന് മുമ്പും അശ്വതി വീട്ടില്‍ പ്രസവിച്ചിട്ടുണ്ടെന്നും രണ്ട് തവണയും പ്രസവത്തില്‍ നവജാതശിശുക്കള്‍ മരണപ്പെട്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.