കോഴിക്കോട് : സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലുള്ളത് സിപിഎം മുൻ പ്രവർത്തകനെന്ന് സൂചന. അഭിലാഷ് എന്നയാളാണ് പോലീസിന് മുന്നിൽ കീഴടങ്ങിയതെന്നും ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായും സൂചനയുണ്ട്. അഭിലാഷ് നഗരസഭയിലെ മുൻ ഡ്രൈവറാണ്. അക്രമണ സമയത്ത് അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. അഭിലാഷ് സിപിഎം ബ്രാഞ്ച് കമ്മിറ്റി മുൻ അംഗമായിരുന്നു. അതേസമയം, പോലീസ് ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനാണ് (62) കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്നാണ് സൂചനകൾ ലഭിക്കുന്നത്.