പഞ്ചാബ് : ഡൽഹി ചലോ മാർച്ചിനുനേരേ ബുധനാഴ്ച ഖനോരി അതിർത്തിയിൽ ഹരിയാണ പോലീസ് നടത്തിയ അതിക്രമത്തിൽ ഇരുപത്തിയൊന്നുകാരനായ യുവകർഷകൻ ശുഭ് കരൺ സിങ് കൊല്ലപ്പെട്ടതിൽ വൻ പ്രതിഷേധമുയർത്തി കർഷക സംഘടനകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവർ രാജിവെക്കണമെന്നും യുവാവിന്റെ മരണത്തിലും കർഷകർക്ക് നേരേയുണ്ടായ അടിച്ചമർത്തലിലും ജുഡീഷ്യൽ അന്വേഷണം വേണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
യുവ കർഷകനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നൽകണമെന്നും സഹോദരിക്ക് സർക്കാർ ജോലി നൽകണമെന്നും സമരരംഗത്തുള്ള സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ ആവശ്യപ്പെട്ടു. 2020-’21-ൽ ഡൽഹിയിൽ നടന്ന സമരത്തിലും ഇപ്പോഴത്തെ കർഷക സമരത്തിലും പോലീസ് നടപടിയിൽ ഒരു കർഷകൻ മരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.