മലപ്പുറം : ആരോഗ്യവകുപ്പ് വ്യാപക ബോധവത്കരണം നടത്തിയിട്ടും വീടുകളിൽവെച്ചുള്ള പ്രസവം കുറയുന്നില്ല. സംസ്ഥാനവ്യാപകമായി നടക്കുന്നുണ്ടെങ്കിലും വീട്ടുപ്രസവം ഏറ്റവുമധികം മലപ്പുറം ജില്ലയിലാണ്. 2023-ൽ ഡിസംബർ വരെ 219 പ്രസവം ഇവിടെ വീടുകളിൽ നടന്നു. സംസ്ഥാനത്ത് മൊത്തം 700-ൽപ്പരം പ്രസവം ഇങ്ങനെ നടക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് വകുപ്പ് തയ്യാറാക്കിയ കണക്കാണിത്. യഥാർഥ സംഖ്യ ഇതിലുമേറെയാകാം.
ചില രഹസ്യസംഘങ്ങൾ പ്രത്യേക വീടുകൾ കേന്ദ്രീകരിച്ചാണിതു നടത്തുന്നത്. മലപ്പുറത്ത് വളവന്നൂർ, താനാളൂർ, ചെറിയമുണ്ടം തുടങ്ങി പലയിടങ്ങളിലും ഇത്തരം വീട്ടുപ്രസവകേന്ദ്രങ്ങളുണ്ട്. വിരുന്നിനെന്ന പേരിൽ പുറത്തുനിന്ന് ആളുകൾ വന്നു താമസിക്കും. പരിചയമുള്ള വയറ്റാട്ടികളെ വീട്ടുകാർ തയ്യാറാക്കിയിട്ടുണ്ടാവും. ഒരു പാക്കേജ് പറഞ്ഞുറപ്പിച്ച് ഇവിടെ രണ്ടാഴ്ചയോ മറ്റോ താമസിച്ച് പ്രസവിക്കും. പരിസരവാസികളോട് ബന്ധുക്കളാണെന്നു പറയും. രഹസ്യമായി ഇവർ പ്രചാരണവും നടത്തുന്നുണ്ട്. ഇതു കേട്ടറിഞ്ഞ് കാസർകോട്, കണ്ണൂർ, കൊല്ലം തുടങ്ങി മറ്റു ജില്ലകളിൽനിന്നൊക്കെ ആളുകൾ ഇവിടെ വന്ന് പ്രസവിച്ചു പോകുന്നുണ്ട്. ലക്ഷദ്വീപിൽ നിന്നുവരെ പ്രസവിക്കാൻ മലപ്പുറത്തേക്കു വന്നതായി സൂചനയുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കുന്നു.