കൊച്ചി : ആലുവയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയിൽ. കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാളെയാണ് പോലീസ് ബുധനാഴ്ച പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. കുട്ടിയെ ഇടിച്ചിട്ട കാറും ഇടപ്പള്ളിയില്‍നിന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുട്ടിയെ വാഹനം ഇടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ഇയാള്‍ നല്‍കിയ പ്രാഥമികമൊഴി. ഇതുസംബന്ധിച്ച് പോലീസിന്റെ ചോദ്യംചെയ്യല്‍ തുടരുകയാണ്.
കഴിഞ്ഞദിവസമാണ് ഓട്ടോയില്‍നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന് പിന്നില്‍നിന്നു വന്ന കാറിടിച്ച് ഗുരുതരപരിക്കേറ്റത്. വാഴക്കുളം പ്രേം നിവാസില്‍ പ്രിജിത്തിന്റെ മകന്‍ നിഷികാന്ത് പി. നായരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആലുവ കുട്ടമശ്ശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.