ധാക്ക : പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കിരീടം ബംഗ്ലാദേശില്‍ നിന്ന് മോഷണം പോയ സംഭവത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷണം പോയ വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും സംഭവത്തില്‍ ആശങ്ക അറിയിക്കുകയാണെന്നും ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്‌സില്‍ കുറിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം. കിരീടം വീണ്ടെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കിരീടമാണ് വ്യാഴാഴ്ച മോഷണം പോയത്.
ബംഗ്ലാദേശിലെ സാതക്ഹിരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്. സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് കിരീടം നിര്‍മിച്ചിരുന്നത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളാണ് വിഗ്രഹത്തില്‍ കിരീടമില്ലെന്ന് ആദ്യം കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അനാരിയെന്ന ആളാണ് ക്ഷേത്രം നിര്‍മിച്ചത്. നൂറ് വാതിലുകളുമായിട്ടായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മാണം. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്മണ്‍ സെന്‍ ക്ഷേത്രം പുതുക്കിപ്പണിതു. സന്ദര്‍ശനത്തിനിടെ ക്ഷേത്രത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.