കൊല്‍ക്കത്ത: ബംഗാളിൽ ആർ.ജി. കാർ മെഡിക്കൽ കോളേജിൽ ക്രൂര ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യഭാഗങ്ങളിൽ ക്ഷതവും രക്തസ്രാവവും ഉണ്ടായിരുന്നു. ക്രൂരപീഡനത്തിന് ശേഷം പ്രതി സഞജയ് റോയ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൊൽക്കത്ത പോലീസിൽ വൊളന്റിയറായിരുന്നു പ്രതി. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രണ്ട് കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള ക്ഷതമേറ്റിട്ടുണ്ട്.
ഇടതു കാലിനും വയറ്റിലും വലത് കൈയിലും മോതിരവിരലിലും ചുണ്ടുകളിലും മുറിവേറ്റുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബലപ്രയോഗത്തിനിടെ യുവതിയുടെ കണ്ണട പൊട്ടിച്ചിതറുകയും ഇവ കണ്ണിൽ തുളച്ചു കയറിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബലപ്രയോഗത്തിനിടെ പ്രതി യുവതിയുടെ തല ചുമരിൽ ഇടിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചു. എതിർക്കുന്തോറും മർദ്ദനം തുടർന്നു കൊണ്ടേയിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ശരീരത്തിൽ വിവധയിടങ്ങളിൽ കടുത്തക്ഷതമേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു.