മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. യുവതിയെ ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി,ഡിജിപി,മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം. കഴിഞ്ഞ ജനുവരി 25 ന് പുലർച്ചെയാണ് പട്ടാമ്പി വിളയൂർ,പേരടിയൂർ സ്വദേശിനിയായ ഷാനി എന്ന റംഷീനയെ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിലെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന്‍റെ മുകൾ നിലയിൽ ജനലിൽ ഷോളിൽ തൂങ്ങി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലെ അഞ്ചടിയോളം മാത്രമുള്ള ജനലിന്‍റെ കമ്പികളിൽ ഷാൾ പലതവണ തിരിച്ചു കെട്ടി കഴുത്തിൽ കുരുക്കി നിലത്ത് കാലുകുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കൾ പറയുന്നു. മരണം കൊലപാതകമാണെന്നും ഭർത്താവും മാതാവും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും നേരത്തെയും വിവാഹസമയത്ത് നൽകിയ സ്വർണ്ണം കുറഞ്ഞു പോയി എന്നതുൾപ്പെടെ പറഞ്ഞു നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി.