തെല്‍ അവിവ്: സഹായ വിതരണത്തിനായി ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിൽ പകൽ സമയം ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ സൈന്യം. പക്ഷെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനത്തെ എതിർത്തു. യുഎസ് മുന്നോട്ട് വെച്ച് വെടിനിർത്തൽ നിർദേശം ഫലപ്രദമായ പരിഹാരമാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. പ്രഖ്യാപിത നിലപാടുകളിൽ ഊന്നിയ ഏതൊരു ചർച്ചയ്ക്കും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. റഫ മേഖലയിൽ 11 മണിക്കൂർ നീളുന്ന പകൽ വെടിനിർത്തൽ വഴി ഗസ്സയിലേക്കുള്ള മുടങ്ങിയ സഹായവിതരണം പുനഃസ്ഥാപിക്കാൻ വഴിയൊരുക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അന്തർദേശീയ സമൂഹത്തിന്റെയും യു.എന്നിന്‍റെയും ഇടപടലുകളെ തുടർന്നാണ് തീരുമാനം.
പരിമിത തോതിലാണെങ്കിലും നടപടി സ്വാഗതാർഹമെന്ന് യു.എൻ വ്യക്തമാക്കി. രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുമണി വരെയുള്ള വെടിനിർത്തൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരാനായിരുന്നു സേനാ തീരുമാനം. ഇസ്രായേൽ നിയന്ത്രണത്തിലുള്ള കറം അബൂസാലിം ക്രോസിങ്ങിനടുത്ത് ട്രക്കുകൾക്ക് പ്രശ്നങ്ങളില്ലാതെ എത്താൻ ഇത് വഴിയൊരുക്കും. സലാഹുദ്ദീൻ ഹൈവേയിലൂടെ സുഗമ യാത്രക്കും വെടിനിർത്തൽ സഹായകരമാകും.