ഡൽഹി: ഈ വർഷം ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിട്ടുണ്ട്. വിമോചന ദിനത്തിന്റെ 79ാം വാർഷികത്തോടനുബന്ധിച്ച് ഇരുനേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് ജോർജിയെ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജൂൺ 13 മുതൽ ജൂൺ 15 വരെയാണ് ജി7 ഉച്ചകോടി ഔട്ട്‌റീച്ച് സെഷനുകൾ നടക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, ആഗോള സംഭവവികാസങ്ങളെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയും ചെയ്തു.