സീതത്തോട് : പ്രതീക്ഷകൾക്ക് ചിറകുവിരിച്ച് കക്കാട്ടാറിൽ കയാക്കിംങ് ട്രയൽ റൺ നടന്നു. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന കായിക വിനോദത്തിനാണ് ഇതോടെ തുടക്കമായത്. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് പവർഹൗസ് ജംഗ്ഷനിൽ വരെയാണ് കയാക്കിംഗ് നടത്തുന്നത്. ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലിൽ ആണ് ട്രയൽ റണ്ണിൻ്റെ ഫ്ലാഗ് ഓഫ് നടന്നത്. മലയോര നാടിൻ്റെ കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംങ് ആരംഭിക്കുന്നത്. ടൂറിസത്തിൻ്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നതെങ്കിലും ഒളിമ്പിക്സിലെ ഒരു പ്രധാന കായിക ഇനമാണ് കയാക്കിംങ്.
കയാക്കിംങിനൊപ്പം റാഫ്റ്റിംഗ്,കനോയിങ് തുടങ്ങിയവയും സീതത്തോട് കേന്ദ്രത്തിൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലാണ് കയാക്കിങ് സെൻ്റർ നിലവിൽ പ്രവർത്തിക്കുന്നത്. ദീർഘദൂര, ഹ്രസ്വദൂരയാത്രകൾക്കും, സാഹസിക യാത്രകൾക്കും ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് മികച്ച സൗകര്യമാണ് സീതത്തോട്ടിലെ കക്കാട്ടാറിൽ ഉള്ളത്. കുളു, മണാലി കേന്ദ്രങ്ങളേക്കാൾ മികച്ച നിലയിൽ സീതത്തോടിന് മാറാൻ കഴിയും.
പ്രശസ്ത കയാക്കിംങ് വിദഗ്ദ്ധൻ നോമി പോളിൻ്റെ നേതൃത്വത്തിൽ നിഥിൻ ദാസ് ,വിശ്വാസ് രാജ്, കെവിൻ ഷാജി, ഷിബു പോൾ എന്നിവരുൾപ്പെട്ട 5 അംഗ സംഘമാണ് ട്രയൽ റണ്ണിനെത്തിയത്. ഒരാൾക്ക് വീതം സാഹസിക യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ പങ്കെടുത്തത്. രണ്ടു മുതൽ 8 വരെ ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളും സീതത്തോട്ടിൽ ഉപയോഗിക്കാൻ കഴിയുമെന്ന് കയാക്കിംങ് സംഘം അഭിപ്രായപ്പെട്ടു.
സഞ്ചാരികൾക്കായി സാഹസികത കുറഞ്ഞ ഹ്രസ്വദൂര യാത്രകൾ നടത്താനും സൗകര്യമൊരുക്കും. സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ പ്രധാന കേന്ദ്രമായി സീതത്തോടിനെ മാറ്റാനാണ് പദ്ധതി തയ്യാറാകുന്നത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ദിവ്യ.എസ്.അയ്യർ എന്നിവർ ചേർന്ന് ട്രയൽ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോബി.ടി. ഈശോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജി കുളത്തുങ്കൽ ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സുജ, പി.ആർ.പ്രമോദ്, രവികല എബി, രവി കണ്ടത്തിൽ, റെയ്സൺ.വി.ജോർജ്ജ്, രമേശ് രംഗനാഥ്, ബിയോജ്, രാജേഷ് ആക്ലേത്ത്, ബിനോജ്, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി എസ്.ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.