പത്തനംതിട്ട : അംബരചുംബികളായ നെടും കുതിരകളെ അണിനിരത്തുന്ന വെട്ടൂര്‍ ആയിരവില്ലൻ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കെട്ടുകാഴ്ച എപ്രിൽ 11ന് വൈകിട്ട് 4ന് നടക്കും. മധ്യതിരുവിതാംകൂറിലേയും ഓണാട്ടുകരയിലേയും മിക്ക ക്ഷേത്രങ്ങളിലും കെട്ടുകാഴ്ചകൾ, പ്രത്യേകിച്ച് നെടുംകുതിരകൾ ചക്രങ്ങളിൽ കെട്ടിവലിച്ചാണ് ക്ഷേത്രങ്ങൾക്ക് സമീപത്തേക്ക് എത്തിക്കുന്നത്. എന്നാൽ ചട്ടത്തിൽ നിർമിച്ചിരിക്കുന്നതും ആളുകൾ ചുമലിലേറ്റി കൊണ്ടുവരുന്നതുമായ ഏറ്റവും വലിയ നെടുംകുതിരകളെ അണിനിരത്തുന്ന ക്ഷേത്രമാണ് വെട്ടൂര്‍ ആയിരവില്ലൻ ക്ഷേത്രം. ഭക്തിയും ഭൂപ്രകൃതിയുടെ പ്രത്യേകതയും നിർമാണത്തിലെ വൈദഗ്ധ്യവുമാണ് ഇതിന് കാരണം.
തച്ചുശാസ്ത്രത്തിന്റെ കൃത്യതയാണ് ഓരോ എടുപ്പുകുതിരകളും. 44 അടി ഏഴിഞ്ച് ഉയരവും 14 അടി ഒൻപതിഞ്ച് വീതിയുമാണ് വെട്ടൂരിലെ കെട്ടുകാഴ്ചയിലെ ഏറ്റവും വലിയ എടുപ്പുകുതിരയായ കരക്കുതിരയ്ക്കുള്ളത്. 44അടി നീളം വീതമുള്ള രണ്ട് തേക്കിൻ ചട്ടത്തിലാണ് എടുപ്പുകുതിരയെ ഉറപ്പിക്കുന്നത്. സമചതുരാകൃതിയിൽ മേൽക്കൂടാരംവരെ പോകുന്നതാണ് ഇതിന്റെ ഘടന. 14അടി ഒൻപതിഞ്ച് നീളത്തിലും ഒൻപതിഞ്ച് വീതിയിലുമാണ് കുതിരയെ ഉറപ്പിക്കുന്നതിനുള്ള പടികൾ നിർമിക്കുന്നത്. 12അടി നീളമുള്ള കമത്ത് പടിയും 174 സെന്റീമീറ്റർ നീളമുള്ള വാട്ടപ്പടിയും എട്ടുമീറ്റർ കതിരുകാലും 12 അടി ഇടക്കൂടാരവും 13 ഇല്ലിത്തട്ടുകളും ഉണ്ട്.
കൂടാതെ അടിക്കൂടാരം, ഇടക്കൂടാരം, മേൽക്കൂടാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളോടും കൂടിയതാണ് കരക്കുതിര. അടിക്കൂടാരത്തിനും ഇടക്കൂടാരത്തിനും മധ്യത്തിലാണ് തിടമ്പും ദാരുശില്പങ്ങളും നെറ്റിപ്പട്ടവും വെയ്ക്കുന്നത്. പിരമിഡ് ആകൃതിയാണ് കൂടാരത്തിനുള്ളത്. പാലത്തടിയിൽ കൊത്തുപണികളോടുകൂടി നിർമിച്ചതാണ് കൂമ്പ്. ഇല്ലിത്തട്ടുകളും അറയും വെള്ളത്തുണി കൊണ്ട് മറയ്ക്കും. ഇല്ലിത്തട്ടുകളിൽ തൂക്കുകൾ ഉപയോഗിച്ച് അലങ്കരിക്കും. മറ്റുള്ള ക്ഷേത്രങ്ങളിൽ എടുപ്പുകുതിരകളെ തടിച്ചക്രത്തിൽ ബന്ധിച്ച് ഉരുട്ടിക്കൊണ്ടും വലിച്ചുകൊണ്ടും പോകുമ്പോൾ ഇവിടെ മൂന്നുറിലധികം ആളുകൾ ഇരുചട്ടത്തിനും ഇരുവശത്തുനിന്നും തോളിലേറ്റിക്കൊണ്ടാണ് പോകുന്നത്.
കെട്ടുരുപ്പടികൾ എല്ലാം തന്നെ നിർമിക്കുന്നത് പ്രകൃതി ദത്തമായ വസ്തുക്കൾ കൊണ്ടാണ്. തെങ്ങ്, കമുക്, പന, പ്ലാവ്, തേക്ക് എന്നിവയാണ് വിവിധ അളവിലുള്ള കുതിരകൾ നിർമിക്കാൻ ഉപയോഗിക്കുന്ന വൃക്ഷങ്ങൾ. നാല് കതിരുകാലുകളാണ് കുതിരയുടെ നിലനിൽപ്പിനെ സാധ്യമാക്കുന്നത്. വിശ്വാസപ്രകാരം നാലു കതിരുകാൽ നാലുവേദങ്ങളെ സൂചിപ്പിക്കുന്നു. കതിരുകാലുകൾക്ക് ബലക്ഷയമുണ്ടാകാതിരിക്കാൻ സഹായത്തിനായി നൽകിയിരിക്കുന്ന ചാരുകാലുകൾ ഉപനിഷത്തുകളെയും പുരാണങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഏറ്റവും മുകളിലെ കൂടാരം ശ്രീകോവിലിന്റെ പ്രതീകമാണ്. അതിന് മുകളിലെ കൂമ്പ് മോക്ഷത്തെയും സൂചിപ്പിക്കുന്നു.
ഏപ്രിൽ 9 ന് രണ്ടാം പടയണി, ഏപ്രിൽ 10 ന് വലിയ പടയണി.
—
പച്ചപ്പാളയിൽ കരവിരുതിന്റെ വർണചാർത്തായ കാലനും കാഞ്ഞിരമാലയും ഭൈരവിയും
പക്ഷിയും യക്ഷിയും മാടനും മറുതയും അണിനിരക്കുന്ന വലിയ പടയണിയായ വെട്ടൂർ പൂരപ്പടയണി ഏപ്രിൽ 10ന് രാത്രി 10.30ന് നടക്കും. കടമ്മനിട്ട ഗോത്രകലാകളരിയും
ആയിരവില്ലേശ്വരാ കലാഗ്രാമവും ചേർന്നാണ് പൂരപ്പടയണി അവതരിപ്പിക്കുന്നത്.