കോന്നി : ലക്ഷങ്ങൾ വരുമാനം ലഭിക്കുന്നതും കേരളത്തിലെ തന്നെ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവുമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം വികസന മുരടിപ്പിലായിട്ട് നാളുകൾ ഏറെ കഴിഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. 2014 ഓഗസ്റ്റ് മാസത്തിൽ ആണ് അടവി കുട്ടവഞ്ചി സവാരി ആരംഭിക്കുന്നത്. വന വികാസ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമതിക്കാണ്. സീസൺ സമയങ്ങളിൽ ലക്ഷ കണക്കിന് രൂപ വരുമാനവും ഇതിൽ ഒരു വിഹിതം എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിക്കും ലഭിക്കുന്ന പദ്ധതിക്ക് യാതൊരു വികസന പ്രവർത്തനങ്ങളും നടത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല എന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. 27 കുട്ടവഞ്ചികളാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഉള്ളത്.
കർണ്ണാടകയിലെ ഹൊഗനക്കലിൽ നിന്നും എത്തിക്കുന്ന ഈ കുട്ടവഞ്ചികൾ 6 മാസം വരെ മാത്രമാണ് ഉപയോഗിക്കേണ്ട കാലാവധി എന്ന് പറയുന്നു. എന്നാൽ പലതും ഒരു വർഷത്തിന് പുറത്ത് ഉപയോഗിക്കുന്നത് ഉണ്ട്. മാത്രമല്ല കുട്ടവഞ്ചികളും ലൈഫ് ജാക്കറ്റുകളും മഴ നനയാതെ സംരക്ഷിക്കുവാൻ ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഇല്ല. കൂടാതെ ലക്ഷങ്ങൾ മുടക്കി സംസ്കരിച്ച മുളയിൽ നിർമ്മിച്ച കഫ്റ്റീരിയയും നാശാവസ്ഥയിൽ ആയിട്ടുണ്ട്. ഇതിന് മുകളിലത്തെ നില സഞ്ചാരികൾക്ക് താമസിക്കാൻ തുറന്ന് നൽകും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുറികളായി പ്രവർത്തിക്കും എന്നാണ് അറിയുന്നത്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കല്ലാറ്റിലെ ജല നിരപ്പ് കുറയുമ്പോൾ ആദ്യഘട്ടത്തിൽ നദിയിലെ മണൽ വാരി ചാക്കിൽ നിറച്ച് കുട്ടവഞ്ചി തൊഴിലാളികൾ തന്നെ തടയണ നിർമ്മിച്ചാണ് സവാരി നടത്തിയിരുന്നത്. ഇപ്പോൾ മണൽ ചാക്കുകൾ നിറക്കാതെ മണൽ കൂന കൂട്ടിയാണ് ജല നിരപ്പ് ഉയർത്തുന്നത്. ചെറിയ ഒരു മഴപെയ്‌താൽ പോലും തടയണ ഒലിച്ചു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
സ്ഥിരം തടയണ എന്ന ആശയം പോലും പ്രാവർത്തികമാക്കാൻ ഇതിന് പുറകിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കോ വന സംരക്ഷണ സമതിക്കോ കഴിഞ്ഞിട്ടില്ല. ശുചിമുറികളിൽ നിന്ന് പുറത്തേക്ക് പോകുന്ന പൈപ്പ് ലൈൻ പൊട്ടിയിട്ടും നടപടി ഉണ്ടായില്ല. ഇവിടേക്ക് ലഭിക്കുന്ന ലക്ഷ കണക്കിന് രൂപയുടെ വരുമാനം കൃത്യമായ ഓഡിറ്റിങ് നടത്തുന്നുണ്ടോ എന്നതും അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. കോന്നി ഫോറെസ്റ്റ് ഡിവിഷന്റെ കീഴിലാണ് കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ കോന്നി ഇക്കോ ടൂറിസത്തിനും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനുമായി പ്രത്യേക ഡെപ്യൂട്ടി റേഞ്ച് ഓഫീസറെയോ റേഞ്ച് ഓഫീസറേയോ നിയമിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയെങ്കിൽ മാത്രമേ കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുകയുള്ളൂ എന്നാണ് പൊതു ജനങ്ങളിൽ നിന്നുള്ള അഭിപ്രായം.