പാലക്കാട്: ചെത്തല്ലൂരിൽ ആർഎസ്എസ് കാര്യാലയം നിർമിക്കാൻ സന്ദീപ് ജി.വാര്യരുടെ അമ്മ വാഗ്ദാനം ചെയ്തിരുന്ന സ്ഥലം ഉമ്മൻചാണ്ടി ട്രസ്റ്റിന്. സ്ഥലം കൈമാറാനാഗ്രഹിക്കുന്ന വിവരം കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് തെങ്ങിൻതോട്ടം എന്നിവർവഴി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇവിടെ പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം ആരംഭിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. സന്ദീപ് വാര്യർ ബിജെപിയിൽ പ്രവർത്തിക്കുന്ന സമയത്താണ് ചെത്തല്ലൂരിൽ ആർഎസ്എസ് കാര്യാലയത്തിന് ശ്രമം ആരംഭിച്ചിരുന്നത്. ഇതിനായി ഭൂമിവാങ്ങാനുള്ള ശ്രമം പല കാരണങ്ങളാൽ നടന്നില്ല. ഈസമയത്ത് സന്ദീപ് വാര്യരുടെ അമ്മ ചെത്തല്ലൂർ എൻഎംയുപി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന എം.എം. രുക്‌മിണി വാർധക്യസഹജമായ അസുഖത്താൽ ചികിത്സയിലായിരുന്നു.
തന്റെ വിഷമം കണ്ട് ചെത്തല്ലൂരിലെ വീടിനോടുചേർന്ന ആറുസെന്റ് സ്ഥലം കാര്യാലയത്തിന് നൽകാമെന്ന് അമ്മ വാഗ്ദാനം ചെയ്യുകയായിരുന്നെന്ന് സന്ദീപ് വാര്യർ പറഞ്ഞു. പക്ഷേ സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ ആർഎസ്എസ് നേതൃത്വത്തിന് യഥാസമയം പൂർത്തിയാക്കാനായിരുന്നില്ല. 2022 സെപ്‌റ്റംബറിൽ ടീച്ചർ മരിച്ചു. 2024 നവംബറിൽ സന്ദീപ് വാര്യർ ബിജെപിവിട്ട് കോൺഗ്രസിലെത്തി. അമ്മ നൽകിയ വാക്ക് മാറ്റുന്നത് ധാർമികമല്ലെന്ന വിശ്വാസത്താൽ സ്ഥലം അവകാശിയെന്ന നിലയിൽ ഒപ്പിട്ടു കൈമാറാമെന്ന് അറിയിച്ചിരുന്നെങ്കിലും മറുഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.