വള്ളികുന്നം : കോവിഡ് കാലത്ത് സമാനതകളില്ലാത്ത ‘ഡ്യൂട്ടി’ ചെയ്ത് വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറായ ജി.ജയന്തി. കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ കഴിഞ്ഞ കുടുംബം വെള്ളമില്ലാതെ ദിവസങ്ങളായി വലയുന്ന വിവരം അറിഞ്ഞാണ് ജയന്തി എത്തിയത്. വീട്ടിലെ പാത്രങ്ങളിൽ മുഴുവൻ ജയന്തി ഒറ്റയ്ക്ക് വെള്ളം കോരി നിറച്ചതോടെ വീട്ടുകാരുടെ മനവും നിറഞ്ഞു.
വള്ളികുന്നം ലക്ഷം വീട് ഭാഗത്താണ് കോവിഡ് ബാധിച്ച് പുറത്തിറങ്ങാതെ കഴിയുന്ന വീട്ടിലെ പമ്പ് തകരാറിലായത്. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പലരുമായും ബന്ധപ്പെട്ടെങ്കിലും എല്ലാവരും കൈമലർത്തി. ഒടുവിലാണ് വള്ളികുന്നം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ ആയിരുന്ന ചൂനാട് തെക്കേ ജംക്‌ഷൻ ശ്രീശൈലത്തിൽ ജയന്തിയെ വിവരം അറിയിച്ചത്. താമരക്കുളം പിഎച്ച്സിയിലെ സീനിയർ ക്ലാർക്ക് ആയ ഭർത്താവ് സുരേന്ദ്രന്റെ കൂട്ടുകാരനായ ഇലക്ട്രീഷൻ മണ്ണടിശ്ശേരിൽ സുരേഷ് ആ ദൗത്യം ഏറ്റെടുത്തു.
തുടർന്ന് സ്വിച്ചിന്റെ കുഴപ്പമാണെന്ന് സുരേഷ് കണ്ടെത്തി. എന്നാൽ ലോക്ക്‌ഡൗൺ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന മണക്കാട്ടുകുറ്റിയിലെ കട തുറക്കാൻ ഉടമ തയാറായില്ല. ഒടുവിൽ സ്റ്റേഷനിൽ നിന്നുമുള്ള പ്രത്യേക അനുമതിയോടെ ജയന്തി കട തുറപ്പിച്ച് സ്വിച്ച് വാങ്ങി മോട്ടർ ശരിയാക്കി നൽകി. രാത്രി വൈകിയതോടെ മോട്ടർ ശരിയായില്ലെങ്കിലും വീട്ടുകാർക്ക് ബുദ്ധിമുട്ട് വരാതിരിക്കാനാണ് അതിന് മുൻപേ തന്നെ കിണറ്റിൽ നിന്നും വെള്ളം കോരി പാത്രങ്ങളിൽ ശേഖരിച്ച് നൽകിയതെന്ന് ജയന്തി പറഞ്ഞു.