റാന്നി: ഇടവേളക്ക് ശേഷം സംസ്ഥാനത്ത് അനധികൃത മണ്ണെടുപ്പും മണ്ണെടുപ്പ് മാഫിയയുടെ വിളയാട്ടവും വര്‍ധിച്ചിരിക്കുകയാണ്. മണ്ണെടുപ്പിനും സ്ഥലങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളും ചട്ടങ്ങളുമുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് മണ്ണ് മാഫിയ വിഹരിക്കുന്നത്. സംസ്ഥാനപാതയെ കുണ്ടും കുഴിയുമാക്കിയിരിക്കുകയാണ് മണ്ണുമാഫിയ. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മക്കപ്പുഴയ്ക്കു സമീപമാണ് റോഡ് ചെളി നിറഞ്ഞ് അപകടക്കെണിയായിമാറിയത്. വളരെ തിരക്കുള്ള റോഡാണിത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നരീതിയിലാണ്റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ .
കുറച്ചു ദിവസമായി രാത്രിയിലും പകലുമായി ഇവിടെ നിന്നും പച്ചമണ്ണ് കടത്ത് വ്യാപകമാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കുറച്ചു ലോഡിന്‍റെ പാസ് എടുത്ത ശേഷം സ്ഥലത്തു നിന്നും വന്‍ തോതില്‍ അനധികൃതമായി മണ്ണു കടത്തുകയാണ്. മണ്ണു കയറ്റി എത്തുന്ന ലോറിയില്‍ നിന്നും താഴെ വീഴുന്ന മണ്ണ് റോഡിലും പരിസരമാകയും വ്യാപിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ വീഴാന്‍ സാധ്യതയേറെയാണ്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ശേഷം ഇതുവഴി വാഹനങ്ങള്‍ അമിത വേഗതയിലാണ് എത്തുന്നത്. ഇത്തരം വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ തെന്നിമാറുവാനും കൂട്ടിയിടിക്കുവാനും സാധ്യതയേറെയാണ്.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് മണ്ണുമാഫിയയ്ക്കനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പലയിടങ്ങളിലും മണ്ണുമാഫിയ കുന്നുകള്‍ ഇടിക്കുന്നതും കടത്തുന്നതും. തന്മൂലം വില്ലേജ് ഓഫീസിലോ പഞ്ചായത്ത് ഓഫീസിലോ പോലീസ് സ്റ്റേഷനിലോ ഇതു സംബന്ധിച്ചു പരാതി നല്‍കിയാല്‍ ഫലപ്രദമായ നടപടി ഉണ്ടാകാറില്ല. പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുടെ ബലത്തിലാണ് മണ്ണുകടത്തു സംഘങ്ങള്‍ നിര്‍ഭയം നിയമങ്ങള്‍ കാറ്റില്‍ പറത്തി മണ്ണെടുക്കുന്നതും തണ്ണീര്‍ത്തടങ്ങള്‍ നിരപ്പാക്കുന്നതും പ്രതിരോധിക്കാന്‍ വരുന്നവര്‍ക്കെതിരെ ഗുണ്ടായിസം പ്രയോഗിക്കുന്നതും. തങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഇവര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റിക്കുകയോ അപകടപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യും. പല കേസുകളിലും പ്രതികള്‍ യാതൊരു പോറലുമേല്‍ക്കാതെ ഊരിപ്പോകുന്നതാണ് മാഫിയാ ഗുണ്ടായിസം ആവര്‍ത്തിക്കാന്‍ കാരണം.