ആറ്റിങ്ങൽ : ഒഡിഷയിൽ ഏക്കറുകണക്കിന് കഞ്ചാവ് തോട്ടങ്ങൾ സ്വന്തമാക്കിയ കേസില്‍ പിടികിട്ടാപ്പുള്ളിയായ ലഹരിക്കടത്ത് തലവനും കൂട്ടാളിയും അറസ്റ്റിൽ. അഭിലാഷ് (37), പ്രദീഷ്കുമാർ (36) എന്നിവരാണ് അറസ്റ്റിലായത്. ഒഡിഷയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള വനഭൂമിയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് കടത്തുന്നതാണു ഇവരുടെ രീതി.
പണമിടപാടിനായി ഒഡിഷയിലെ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളാണ് അഭിലാഷ് ഇതിനായി ഉപയോഗിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകളോ സ്വന്തം പേരിൽ സിം കാർഡോ ഇയാൾക്കില്ല. കഴിഞ്ഞ ജൂലൈയിൽ വെഞ്ഞാറമൂട്ടിൽ വീടു വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ നാലുപേരെ പിടിച്ചതിനുപിന്നാലെ പോലീസിന്‍റെ അന്വേഷണം അഭിലാഷിലേക്ക് എത്തുകയായിരുന്നു.
വെഞ്ഞാറമൂട്ടിൽനിന്ന് 200 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. അഭിലാഷിനെ തേടി പോലീസ് സംഘം ഒഡിഷയിലെത്തിയെങ്കിലും ഫലമുണ്ടായില്ല. ദീപാവലി ആഘോഷത്തിന് തമിഴ്നാട്ടിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. നിലവിൽ മൂന്നു കഞ്ചാവ് കേസുകളിൽ ഇയാൾ മുഖ്യ പ്രതിയാണ്. ബോംബ് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.