തുവ്വൂര്‍ : തുവ്വൂര്‍ കോട്ടക്കുന്ന് കള്ളുഷാപ്പ് വിരുദ്ധ സമരസമിതി ചെയര്‍മാന്‍ പി.പി. വില്‍സണെ വീട്ടില്‍ക്കയറി ആക്രമിച്ച് കാല്‍ തല്ലിയൊടിച്ചു. ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിട്ടുമുണ്ട്. കേസില്‍ തുവ്വൂര്‍ അക്കരക്കുളം സ്വദേശി കളരിക്കല്‍ മധുസൂദനനെ (52) കരുവാരക്കുണ്ട് പോലീസ് അറസ്റ്റുചെയ്തു. ആരോ തെറ്റിദ്ധരിപ്പിച്ച് ഇയാളെ വില്‍സണിന്റെ വീട്ടിലെത്തിച്ചതാണെന്നാണ് പോലീസ് പറയുന്നത്. മദ്യം കിട്ടുമെന്നു പറഞ്ഞായിരുന്നു ഇത്. മധുസൂദനന്‍ വില്‍സണിന്റെ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ടു. കിട്ടാതായതോടെ പ്രകോപിതനായി.
തുടര്‍ന്നായിരുന്നു അക്രമമെന്ന് പോലീസ് പറയുന്നു. കരുവാരക്കുണ്ട് എസ്.ഐ. കെ.എസ്. സുബിന്ദും സംഘവുമാണ് മധുസൂദനനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. ഇവിടെ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ 44 ദിവസമായി സമരം നടക്കുന്നുണ്ട്. ഇതു ഷാപ്പ് തുറക്കുന്നതിന് ഇപ്പോൾ തടസ്സമായിരിക്കുകയാണ്.