കോട്ടയം : കേരള കോൺഗ്രസ് എമ്മിൽ ലെവി നൽകേണ്ടിവരുക ജനപ്രതിനിധികൾ. പഞ്ചായത്തംഗം മുതൽ എം.പി വരെയുള്ള ജനപ്രതിനിധികൾ അവരുടെ ഒരുമാസത്തെ വരുമാനം കേരള കോൺഗ്രസ് എം ഫണ്ടിലേക്ക് നൽകേണ്ടിവരും. ലെവി ഈടാക്കാൻ സംഘടനാപരിഷ്കാരത്തിൽ നിർദേശിച്ചിരുന്നെങ്കിലും എല്ലാ അംഗങ്ങളിൽനിന്നും വേണോ എന്നതിൽ ആശയക്കുഴപ്പമുണ്ടായി. സംഘടനാപരിഷ്കരണം പഠിക്കുന്ന സമിതി ഇക്കാര്യത്തിൽ അന്തിമനിർദേശം നൽകും.
ആദ്യഘട്ടത്തിൽ ജനപ്രതിനിധികൾക്ക് മാത്രമേ ലെവി ഉണ്ടാകൂ. പിന്നീട് വേണ്ടിവന്നാൽ മാറ്റം വരുത്തും. കമ്മിറ്റികളുടെ അഴിച്ചുപണിയാണ് മറ്റൊന്ന്. മേലിൽ സ്റ്റിയറിങ് കമ്മിറ്റി മാത്രമേ ഉണ്ടാകൂ. പിളരും മുമ്പ് അതിലെ അംഗങ്ങൾ 111 ആയിരുന്നു. നിലവിൽ 62 പേരുണ്ട്. ഇതിന്റെ അംഗസഖ്യ 30 ആക്കിയേക്കും.