പൊയിനാച്ചി : മൂന്നുമാസം മുന്‍പ് പ്രണയിച്ച് വിവാഹിതരായ യുവാവിനെയും യുവതിയെയും വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത് (28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി (22) എന്നിവരാണ് ജീവനൊടുക്കിയത്. പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ഓടിട്ട ക്വാര്‍ട്ടേഴ്സിന്റെ കിടപ്പുമുറിയിലാണ് സംഭവം. സമീപത്തെ മുറിയില്‍ താമസിക്കുന്ന സ്ത്രീ ആളനക്കം കേള്‍ക്കാത്തതിനാല്‍ വെള്ളിയാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സ് ഉടമയുടെ വീട്ടില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടന്നത്. മുറിയുടെ പ്രധാന വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കളവാതിലിന്റെ വിടവിലൂടെ നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ഉടന്‍ മേല്‍പ്പറമ്പ് പോലീസില്‍ വിവരമറിയിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായര്‍, മേല്‍പ്പറമ്പ് എസ്.ഐ. പി.പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ കെ.മുരളീധരന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭര്‍ത്താവിനെയും രണ്ടു വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് ജയകുമാരി ജിഷാന്തുമായി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. ജയയെയും കുട്ടിയെയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കഴിഞ്ഞ നവംബര്‍ 27-ന് ഹൊസ്ദുര്‍ഗ് പോലീസ് ബാലനീതിവകുപ്പ് സെക്ഷന്‍ 75 ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തിരുന്നു. പിന്നീട് ജിഷാന്തിന്റെ കൂടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായി ജുവൈനല്‍ കേസില്‍ ജാമ്യമെടുത്ത ജയകുമാരിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിടുകയും കുട്ടി അച്ഛന്റെ കൂടെ പോകുകയും ചെയ്തു. വിവാഹിതരായശേഷമാണ് ജിഷാന്തും ജയയും പരവനടുക്കത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. മാര്‍ക്കറ്റിങ് ഫീല്‍ഡില്‍ ജയ പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ജിഷാന്തുമായി അടുത്തതെന്നാണ് സൂചന. പെയിന്റിങ് തൊഴിലാളിയാണിയാള്‍. ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ് ജിഷാന്ത്. സഹോദരങ്ങള്‍ : ജിഷ, ജിഷിത. രാമചന്ദ്ര ആചാരിയുടെയും സുമതിയുടെയും മകളാണ് ജയ.