ഭോപ്പാല്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണിയുമായി പ്രമുഖ ആദിവാസി നേതാവ് കൂടിയായ നഗര്‍സിങ് ചൗഹാന്‍ രംഗത്തെത്തിയതാണ് മോഹന്‍ യാദവ് സര്‍ക്കാരില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഭാര്യ അനിതാ നഗര്‍സിങ് ചൗഹാന്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കുമെന്നും ഭീഷണിയുണ്ട്. കേന്ദ്ര കാര്‍ഷിക മന്ത്രിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ വിശ്വസ്തനാണ് നഗര്‍സിങ് ചൗഹാന്‍. 2003 മുതല്‍ നാലു തവണ അലിരാജ്പൂരില്‍നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. ഇതാദ്യമായാണ് മന്ത്രിസഭയില്‍ ഇടംലഭിക്കുന്നത്. രത്‌ലമിലെ എസ്.ടി സീറ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാന്തിലാല്‍ ഭൂരിയയെ 2.07 ലക്ഷം വോട്ടിന് തോല്‍പിച്ചാണു ഭാര്യ അനിത ഇത്തവണ പാര്‍ലമെന്റിലെത്തിയത്.
ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുപ്രധാനമായ രണ്ടു വകുപ്പുകള്‍ നഗര്‍സിങ് ചൗഹാനില്‍നിന്നു തിരിച്ചെടുത്തിരുന്നു. വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയില്‍നിന്നാണു നീക്കിയത്. ആറു തവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രാംനിവാസ് റാവത്തിനായിരുന്നു ഈ വകുപ്പുകള്‍ നല്‍കിയത്. നിലവില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. വകുപ്പുകള്‍ തിരിച്ചെടുത്തതിനു പിന്നാലെ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ആദിവാസി മുഖം നിലയ്ക്കാണ് വനം, പരിസ്ഥിതി, എസ്.സി വകുപ്പുകള്‍ നല്‍കി എന്നെ മന്ത്രിസഭയിലെടുത്തതെന്ന് നഗര്‍സിങ് പറഞ്ഞു. വനം, പരിസ്ഥിതി വകുപ്പുകളില്‍ ആദിവാസികള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ എനിക്കാകുമായിരുന്നു. എന്നാല്‍, പെട്ടെന്നൊരു നാള്‍ കോണ്‍ഗ്രസില്‍നിന്നു വന്ന ഒരാള്‍ക്ക് എന്റെ വകുപ്പുകള്‍ എടുത്തുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.