കൊട്ടാരക്കര: ഒരാഴ്ചയായി ആത്മമാരി ചൊരിഞ്ഞ് മാർത്തോമ്മാ ജൂബിലി മന്ദിരാങ്കണത്തിൽ മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന കൊട്ടാരക്കര കൺവൻഷൻ വിശുദ്ധ കുർബ്ബാന വർഷാചരണ സന്ദേശവുമായി അനുഗ്രഹീതമായി സമാപിച്ചു. വേദനിക്കുന്നവരുമായുള്ള പങ്കുവെയ്ക്കലാണ് നല്ല അയൽക്കാരന്റെ ദൗത്യമെന്നും ആധുനിക മനുഷ്യർ മനസ്സിൽ മതിൽ പണിയുന്ന കാലിക സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ അതിൽ നിന്ന് വ്യത്യസ്തമായി നിർമ്മലമായ ദൈവീക സ്നേഹത്തിലൂടെ നല്ല അയൽക്കാരനായി മാറണം. സഭകൾ സങ്കുചിത ചിന്തകൾക്കതീതമായി ഏവരെയും ഉൾക്കൊള്ളുന്ന സത്രമായി മാറണമെന്നും മുഖ്യ സന്ദേശം നൽകിയ അടൂർ ഭദ്രാസന അദ്ധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം പറഞ്ഞു.
ദൈവീക ഇടപെടലുകൾക്കായി മനുഷ്യമനസ്സുകളെ ഒരുക്കുവാനും തലമുറകളെ ശുദ്ധീകരിക്കാനും ദൈവവചന പഠനം അനിവാര്യമെന്നും ഹൃദയത്തിൽ ഉരുവായ ക്രിസ്തു
ദൈവഹിതത്തിലൂടെ നമ്മുടെ മനോഭാവങ്ങളിലും ദർശനങ്ങളിലും സമഗ്രമായ മാറ്റങ്ങളും അഴിച്ചു പണികളും അനുരഞ്ജന വർഷാചരണ സമാപനത്തിൽ ഉണ്ടാകണമെന്നും സമാപന സന്ദേശം നൽകിയ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.തോമസ് മാർ തീത്തോസ് വിശ്വാസികളെ ആഹ്വാനം ചെയ്തു. അനുരഞ്ജന വർഷാചരണ തുടർ പഠനങ്ങളോടൊപ്പം വരും വർഷം വിശുദ്ധ കുർബാന വർഷാചരണമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വികാരി ജനറൽ റവ.കെ. വൈ. ജേക്കബ്ബ്, ഭദ്രാസന സെക്രട്ടറി റവ. ഷിബു എബ്രഹാം ജോൺ, ബിഷപ്പ് സെക്രട്ടറി റവ.ജോർജ് വർഗീസ്, റവ.ഷിബു സാമുവേൽ, റവ.സ്കറിയ തോമസ്, പി.ജെ.ഡേവിഡ്, ജോർജ് പണിക്കർ എന്നിവർ പ്രസംഗിച്ചു.