ഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ നടക്കും. പ്രതിപക്ഷ ആവശ്യപ്രകാരം പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം കേന്ദ്രം തളളി. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും വിശദീകരിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ഷകാല സമ്മേളന തിയതി പ്രഖ്യാപിച്ചത്. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12വരെ മണ്‍സൂണ്‍ സമ്മേളനം നടക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ സമിതിയാണ് തീയതികള്‍ ശുപാര്‍ശ ചെയ്തത്.
വര്‍ഷകാല സമ്മേളനത്തില്‍ പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതോടെ പ്രത്യേക സമ്മേളനം ഉണ്ടാകില്ലെന്ന് ഉറപ്പായി. പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം 16 പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ ഒപ്പിട്ട കത്ത് കേന്ദ്രത്തിന് നല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ചുളള വിശദീകരണവും പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെടും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍യില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം തീര്‍ക്കും.