ഗുജറാത്ത് : മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 134 പേര്‍ മരിച്ച സംഭവത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേര്‍ന്നു. ദുരന്തമുഖത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു.മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലും ഗുജറാത്ത് മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ ഒന്നിന് മോര്‍ബി പാലം തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കും. ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ മച്ചു നദിയില്‍ തൂക്കുപാലം തകര്‍ന്ന് 133 പേര്‍ മരണപ്പെട്ടിരുന്നു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ മച്ചു നദിയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനവും ഇന്ന് അറിയിക്കുകയും ചെയ്തിരുന്നു
‘അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ സര്‍ക്കാര്‍ എല്ലാവിധത്തിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ ഇന്നലെ മുതല്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേന്ദ്രവും സഹായഹസ്തവുമായി ഉണ്ട്. സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.’- പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെവാഡിയയിലെ ഏക്താ നഗറില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
നിലവില്‍ ഗുജറാത്തിലുള്ള പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ അറിയിച്ചു.മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പിഎംഎന്‍ആര്‍എഫ്) രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മോദി പ്രഖ്യാപിച്ചതായി പിഎംഒ അറിയിച്ചു.അപകടത്തെ തുടര്‍ന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോ മോദി റദ്ദാക്കിയതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. അഹമ്മദാബാദില്‍ ചില റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.